സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. അരുൺജയ്റ്റ്ലി സമ്പദ് രംഗത്തെ കുട്ടിച്ചോറാക്കിയെന്നും നോട്ട് അസാധുവാക്കൽ വൻദുരന്തമായിരുന്നെന്നും ബിജെപി നേതാവ് യശ്വന്ത് സിൻഹ കുറ്റപ്പെടുത്തി. യശ്വന്ത് സിൻഹ വെളിപ്പെടുത്തിയ സത്യം ധനമന്ത്രി അംഗീകരിക്കാൻ തയ്യാറാണോ എന്ന് പി ചിദംബരം ചോദിച്ചു.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യം അംഗീകരിക്കാതെ ബിജെപി ദേശീയനിർവ്വാഹകസമിതിയോഗം അവസാനിച്ച് രണ്ടാം ദിനാണ് മുൻ ധനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യശ്വന്ത് സിൻഹ പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും കുറ്റപ്പെടുത്തി ഒരിംഗ്ളീഷ് പത്രത്തിൽ ലേഖനമെഴുതിയത്. സമ്പദ് വ്യവസ്ഥയെ അരുൺജയ്റ്റ്ലി കുട്ടിച്ചോറാക്കിയെന്നും ഇനിയും സംസാരിച്ചില്ലെങ്കിൽ രാജ്യത്തോടുള്ള കടമ നിർവ്വഹിക്കാനാവില്ലെന്നും സിൻഹ പറയുന്നു. നോട്ട് അസാധുവാക്കൽ ദുരന്തമായിരുന്നു. ജിഎസ്ടി നന്നായി നടപ്പാക്കിയില്ല. പാർട്ടിയിൽ പലരും അടക്കിവച്ചിരിക്കുന്ന അഭിപ്രായമാണ് താൻ പറയുന്നതെന്ന് യശ്വന്ത് സിൻഹ വ്യക്തമാക്കി. വളർച്ചാനിരക്ക് 5.7 അല്ല വെറും 3.7 മാത്രമമാണെന്നും സിൻഹ ആരോപിച്ചു. സമ്പദ് വ്യവസ്ഥയാകുന്ന വിമാനത്തിന്റെ ചിറകുകൾ ഇളകി വീണെന്നും അപ്പോഴും സീറ്റ് ബെൽറ്റിടാനാണ് ധനമന്ത്രി പറയുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. യശ്വന്ത് സിൻഹ പറയുന്ന സത്യം സർക്കാർ അംഗീകരിക്കണമെന്ന് പി ചിദംബരം ആവശ്യപ്പെട്ടു.
യശ്വന്ത് സിൻഹയുടെ വാദം ബിജെപി തള്ളി. അരുണ്‍ ജെയ്‍റ്റ്‍ലിക്കെതിരെ വിമർശനവുമായി സുബ്രമണ്യൻ സ്വാമിക്കു പിന്നാലെ യശ്വന്ത് സിൻഹയും എത്തുന്നത് പാർട്ടിയിൽ നോട്ട് അസാധുവാക്കലിനു ശേഷം തുടരുന്ന അതൃപ്‍തിയുടെ സൂചനയാണ്.
