ദില്ലി: രാജ്യത്തിന്‍റെ മൊത്ത ഉല്‍പ്പാദന നിരക്കില്‍ ഇടിവ്. ജനുവരി-മാര്‍ച്ച് നാലാം പാദത്തില്‍ ജി.ഡി.പി നിരക്ക് 5.8 ആയി കുറഞ്ഞു. ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തിലെ 6.6ല്‍ നിന്നുമാണ് ജി.ഡി.പി നിരക്ക് ഇടിഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജി.ഡി.പി നിരക്കാണിത്. കാര്‍ഷിക-നിര്‍മ്മാണ മേഖലകളിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ജി.ഡി.പി നിരക്ക് കുറഞ്ഞത്. 2013-14ല്‍ രേഖപ്പെടുത്തിയ 6.4 ശതമാനമാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. 

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 6.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സാമ്പത്തിക വളര്‍ച്ചയില്‍ ചൈന ഇന്ത്യയെ പിന്നിലാക്കി. ഒന്നര വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ചൈന ഇന്ത്യയെ പിന്തള്ളുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത ഉല്‍പ്പാദന നിരക്ക് 6.8 ശതമാനമായിരുന്നു. തൊട്ടു മുന്‍ വര്‍ഷത്തിലെ 7.2 ശതമാനത്തേക്കാള്‍ സാമ്പത്തിക വളര്‍ച്ച താഴെപ്പോയതായി കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

ജി.ഡി.പി നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ റിപ്പോ നിരക്കില്‍ മാറ്റം വന്നേക്കും. ജൂണ്‍ ആറിനാണ് റിസര്‍വ് ബാങ്ക് റിപ്പോ റിവേഴ്‌സ് പുതിയ റിപ്പോ നിരക്കുകള്‍ പ്രഖ്യാപിക്കുന്നത്.