വന്‍കിട ബിയര്‍ കമ്പനികളുടെ ഈ മേഖലയിലെ കൊളള തടയാനാവുമെന്ന് എക്സൈസ് വകുപ്പ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് മൈക്രോ ബ്രൂവറി ലൈസന്‍സ് (സ്വന്തമായി ബിയര്‍ ഉല്‍പാദന സംവിധാനം) നല്‍കുന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ എക്സൈസ് വകുപ്പിനോട് സര്‍ക്കാര്‍. 2017 ഓഗസ്റ്റിലാണ് മൈക്രോ ബ്രൂവറികള്‍ സ്ഥാപിക്കുന്നതിനുളള ലൈസന്‍സ് ആവശ്യവുമായി 10 ലേറെ ഹോട്ടലുകള്‍ എക്സൈസ് വകുപ്പിനെ സമീപിച്ചത്. തുടര്‍ന്ന്, വിവിധ തലത്തിലുളള പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം എക്സൈസ് വകുപ്പ് അനുകൂല റിപ്പോര്‍ട്ട് നല്‍കി.

വിവിധ രൂചികളില്‍ സ്വന്തമായി ബിയര്‍ ഉല്‍പാദിപ്പിക്കാന്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ ടൂറിസം മേഖലയില്‍ മുന്നേറ്റമുണ്ടാവുമെന്നും അന്ന് നിര്‍ദ്ദേശമുയര്‍ന്നിരുന്നു. കേരളത്തിന്‍റെ തൊഴില്‍ മേഖലയ്ക്ക് ബ്രൂവറി ലൈസന്‍സുകള്‍ ഗുണകരമാണെന്നും വന്‍കിട ബിയര്‍ കമ്പനികളുടെ ഈ മേഖലയിലെ കൊളള തടയാനാവുമെന്നും എക്സൈസ് വകുപ്പ് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയും ചെയ്തു. 

റിപ്പോര്‍ട്ടിനോട് അന്ന് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പൂട്ടിയ ബാറുകള്‍ തുറന്നതിന് പിന്നാലെ ബ്രൂവറി ലൈസന്‍സുകള്‍ നല്‍കുക കൂടി ചെയ്യുന്നതിനോട് സര്‍ക്കാര്‍ അനുകൂലിച്ചില്ല. എന്നാല്‍, രണ്ടാഴ്ച്ച മുന്‍പ് പുതിയ മദ്യ നയത്തിന് അനുസൃതമായി ബ്രൂവറി ലൈസന്‍സ് നല്‍കുന്നത് കൂടി പരിശോധിക്കാന്‍ എക്സൈസ് വകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 

ലൈസന്‍സ് നല്‍കിയാല്‍ ഹോട്ടലുകള്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ രുചികളിലുളള ബിയറുകളുടെ ഗുണ നിലവാരം സംബന്ധിച്ച് കൃത്യമായ പരിശോധകള്‍ക്ക് സമാന്തരമായി സംവിധാനമൊരുക്കുകയെന്നത് സര്‍ക്കാരിന് മുന്നില്‍ വലിയ വെല്ലുവിളിയാവും.