ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സ്വര്‍ണ്ണവ്യാപാരികളായിരുന്ന നാഥെല്ല ഗ്രൂപ്പ് തങ്ങളുടെ ജ്വല്ലറികള്‍ പൂട്ടി. നോട്ട് നിരോധനവും പിന്നാലെ വന്ന ജി.എസ്.ടിയും ഏല്‍പ്പിച്ച കടുത്ത ആഘാതം മറികടക്കാനാവാതെ വന്നതോടെയാണ് ബിസിനസ് അവസാനിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലാതെയായതെന്ന് ഉടമകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷോറൂമുകള്‍ പൂട്ടിയതോടെ ഇവിടെ വിവിധ സ്കീമുകളില്‍ സ്വര്‍ണ്ണവും പണവും നിക്ഷേപിച്ചവര്‍ ആശങ്കയിലായി.
സ്വര്‍ണ്ണ വ്യാപാര രംഗത്ത് 70 വര്‍ഷത്തോളം പാരമ്പര്യമുള്ള ജ്വല്ലറി ഗ്രൂപ്പിന് ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് ഉടമകള്‍ പറയുന്നത്. നൂറു കണക്കിന് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനായി തങ്ങളുടെ മറ്റ് വസ്തുവകകള്‍ വില്‍ക്കുകയാണെന്നും ആര്‍ക്കും പണം നഷ്ടപ്പെടില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സ്വര്‍ണ്ണവും പണവും നിക്ഷേപിച്ചവര്‍ കടുത്ത ആശങ്കയിലാണ്. ചെന്നൈ നഗരത്തില്‍ മാത്രം അഞ്ച് ഷോറൂമുകളാണ് നാഥല്ല ഗ്രൂപ്പിന് ഉണ്ടായിരുന്നത്. സ്വര്‍ണ്ണം വിറ്റപ്പോള്‍ ജ്വല്ലറിയില്‍ നിന്ന് ലഭിച്ച ചെക്കുകള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ബാങ്കുകള്‍ മടക്കുകയാണെന്നും ജനങ്ങള്‍ ആരോപിക്കുന്നു. 50 ഓളം പേര്‍ നല്‍കിയ പരാതി പ്രകാരം ഒരു ഷോറൂമിന്റെ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 17 ലക്ഷത്തോളം രൂപ തങ്ങള്‍ക്ക് കിട്ടാനുണ്ടെന്നാണ് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നത്.
എന്നാല്‍ നിക്ഷേപകരെ കത്തുകളിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും മറ്റ് വസ്തുവകകള്‍ വിറ്റ് എല്ലാവര്‍ക്കും പണം നല്‍കുമെന്നുമാണ് ഉടമകള്‍ വാദിക്കുന്നത്. അടച്ചുപൂട്ടപ്പെട്ട ഷോറൂമുകള്‍ക്ക് മുന്നില്‍ നിരവധി നിക്ഷേപകരാണ് ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.
