തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ വിഹിതം അനുവദിക്കണമെന്ന് കാണിച്ച് 90 ഓളം എംപിമാരും സാമൂഹിക പ്രവര്‍ത്തകരും കാര്‍ഷക സംഘടനകളും പ്രധാനമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.

ദില്ലി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് മാസം ബാക്കി നില്‍ക്കെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 6,084 കോടി രൂപ അനുവദിച്ചു. ഇതോടെ ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്കായി അനുവദിച്ച തുക 61,084 കോടി രൂപയിലെത്തി. ഒരു വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവെക്കുന്ന ഇതുവരെയുളള ഏറ്റവും വലിയ തുകയാണിത്. 

തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ വിഹിതം അനുവദിക്കണമെന്ന് കാണിച്ച് 90 ഓളം എംപിമാരും സാമൂഹിക പ്രവര്‍ത്തകരും കാര്‍ഷക സംഘടനകളും പ്രധാനമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. ഈ സര്‍ക്കാരിന്‍റെ കാലത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നിരവധി പരിഷ്കാരങ്ങള്‍ നടത്തിയെന്നാണ് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്കായുളള കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരുന്ന ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയേക്കും.