കമ്പനിയെ രക്ഷപെടുത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ബോര്‍ഡ് അംഗങ്ങളുടെ യോഗ ശേഷമുളള വിലയിരുത്തല്‍ പ്രകാരം ഐഎസ് ആന്‍ഡ് എഫ്എസ്സില്‍ ഉണ്ടായ കുറ്റകൃത്യം സത്യം കമ്പ്യൂട്ടേഴ്സിന് സമാനമല്ലെന്നാണ്.

ദില്ലി: ഐഎല്‍ ആന്‍ഡ് എഫ്എസ് ( ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്) നേടിയെടുത്ത പേര് നിലനിര്‍ത്താനായി അതിവേഗ ഇടപെടലുകള്‍ നടത്തി മുന്നോട്ട് പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഎല്‍ ആന്‍ഡ് എഫ്എസ്സിലുണ്ടായ പ്രതിസന്ധി സത്യം കമ്പ്യൂട്ടേഴ്സ്സിലുണ്ടായതിനെക്കാള്‍ വലുതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കമ്പനിയെ രക്ഷപെടുത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ബോര്‍ഡ് അംഗങ്ങളുടെ യോഗ ശേഷമുളള വിലയിരുത്തല്‍ പ്രകാരം ഐഎസ് ആന്‍ഡ് എഫ്എസ്സില്‍ ഉണ്ടായ കുറ്റകൃത്യം സത്യം കമ്പ്യൂട്ടേഴ്സിന് സമാനമല്ലെന്നാണ്. 

നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാനായി സര്‍ക്കാര്‍ നിയോഗിച്ച ഉദയ് കെട്ടക്കിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കമ്പനിയുടെ പ്രതാപം വീണ്ടെടുക്കാനുളള പ്രവര്‍ത്തനങ്ങളെപ്പറ്റി ധാരണയായി. അഞ്ചു മണിക്കൂറാണ് ഇന്നലെ യോഗം നടന്നത്. 

സത്യം കമ്പ്യൂട്ടേഴ്സ് ഏറ്റെടുത്ത ടെക് മഹീന്ദ്രയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ എന്ന നിലയില്‍ പേരെടുത്ത വിനീത് നയ്യാരുടെ നേതൃത്വം ഐഎല്‍ ആന്‍ഡ് എഫ്എസ്സിന് കരുത്താവുമെന്നും യോഗം വിലയിരുത്തി. വിനീത് നയ്യാരുടെ നേതൃത്വത്തില്‍ സര്‍ക്കാരും ആത്മ വിശ്വാസം പ്രകടിപ്പിച്ചു. കമ്പനിയുടെ എംഡിയും വൈസ് ചെയര്‍മാനുമായാണ് വിനീത് നയ്യാര്‍ പ്രവര്‍ത്തിക്കുക. 

91,000 കോടി രൂപ കടത്തിലായ കമ്പനിയെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഐഎല്‍ ആന്‍ഡ് എഫ്എസ് നല്‍കിയ വായ്പകളെ സംബന്ധിച്ച വിശദംശങ്ങള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (സിഎഫ്ഐഒ) അന്വേഷിച്ച് വരികയാണ്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി അവലോകനം നടത്തുന്ന ഉദയ് കെട്ടക്കിന്‍റെ നേതൃത്വത്തിലുളള ബോര്‍ഡ് ഉടന്‍ തന്നെ സര്‍ക്കാരിന് ഇത് സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കും.