ഇന്ത്യയില്‍ 24 ശതമാനം സ്ത്രീകളാണ് തൊഴില്‍ ചെയ്യുന്നത്. ഇക്കാര്യത്തിലെ അന്താരാഷ്ട്ര ശരാശരി 48 ശതമാനമാണ്. ഇതിനാല്‍ തന്നെ രാജ്യത്ത് ലിംഗ സമത്വം വളര്‍ത്തിയെടുക്കാന്‍ പുരുഷന്മാരാണ് മുന്നില്‍ നില്‍ക്കേണ്ടതെന്നും അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. 

ദില്ലി: ഇന്ത്യക്കാര്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കണമെന്നും കയറ്റുമതി മേഖലയില്‍ വളര്‍ച്ച കൈവരിക്കണമെന്നും നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. അടുത്ത മൂന്ന് ദശാബ്ദത്തില്‍ കയറ്റുമതിയില്‍ ഒന്‍പത് മുതല്‍ 10 ശതമാനം വരെ വളര്‍ച്ച കൈവരിക്കണം. 

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലിംഗസമത്വം ഇല്ലായ്മയാണ്. ഇന്ത്യയില്‍ 24 ശതമാനം സ്ത്രീകളാണ് തൊഴില്‍ ചെയ്യുന്നത്. ഇക്കാര്യത്തിലെ അന്താരാഷ്ട്ര ശരാശരി 48 ശതമാനമാണ്. ഇതിനാല്‍ തന്നെ രാജ്യത്ത് ലിംഗ സമത്വം വളര്‍ത്തിയെടുക്കാന്‍ പുരുഷന്മാരാണ് മുന്നില്‍ നില്‍ക്കേണ്ടതെന്നും അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. 

വ്യവസായിക കൂട്ടായ്മയായ അസോചത്തിന്‍റെ 98 മത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാന്‍, കൊറിയ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങള്‍ കയറ്റുമതി വര്‍ദ്ധിപ്പിച്ചു. ഇത് ഒന്‍പത് മുതല്‍ 10 ശതമാനം വരെയാണ്. 

ഇന്ത്യ സ്വന്തമായി തങ്ങളുടെ പ്രശ്നങ്ങള്‍ക്കുളള പരിഹാരങ്ങള്‍ തേടണം. കാലവസ്ഥ അനുസരിച്ചു മണ്ണിന്‍റെ സ്വഭാവം അനുസരിച്ചു കര്‍ഷകര്‍ക്ക് വിത്തും വളവും നല്‍കണം. അതെപോലെ മാലിന്യങ്ങളില്‍ നിന്ന് ഉര്‍ജ്ജോല്‍പ്പാദനത്തിന് രാജ്യം ഉന്നല്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡ്രൈവറില്ല കാറുകള്‍, യുദ്ധോപകരണങ്ങള്‍, ഡ്രോണുകള്‍ അങ്ങനെ പലതരത്തിലുളള ആശയങ്ങളും ഉല്‍പ്പന്നങ്ങളും അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ നിന്ന് ലോകത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യക്കാര്‍ തങ്ങളുടെ മുന്നിലുളള പ്രശ്നങ്ങള്‍ പരിഹരിക്കാനുളള ഇന്നോവേഷനുകള്‍ക്കാവണം മുന്‍ഗണന നല്‍കേണ്ടതെന്നും അമിതാഭ് കാന്ത് പറഞ്ഞു.