കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഇന്ധന ഔട്ട്‍ലെറ്റ് അങ്കമാലിയില്‍ തുറന്നു. പൂർണമായും സോളാർ ഊർജ്ജത്തിന്റെ സഹായത്തോടെയാണ് ഔട്ട്‍ലെറ്റിന്റെ പ്രവർത്തനം. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഈ 24x7 സോളാർ ഇന്ധന റീട്ടെയിൽ ഔട്ട്‍ലെറ്റ് അങ്കമാലി പൊങ്ങത്ത് തുറന്നത്. ദേശീയപാത 544 ൽ അങ്കമാലി പൊങ്ങത്തുള്ള ഔട്ട്‍ലെറ്റില്‍ പെട്രോള്‍, ഡീസല്‍ വിൽപ്പന വളരെ കൂടുതലാണ്. 

പ്രതിമാസം 332 കിലോലിറ്റർ പെട്രോളും 954 കിലോലിറ്റർ ഡീസലും പൊങ്ങത്തെ ഔട്ട്‍ലെറ്റിൽ നിന്നും വിൽപ്പന നടത്തുന്നു. എന്നാൽ, പെട്രോൾ, ഡീസൽ വിൽപ്പന എന്നതിലുപരിയായി ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുക എന്നതുകൂടി ലക്ഷ്യമിട്ടാണ് ഐഒസി പൊങ്ങം ഔട്ട് ലെറ്റ് നവീകരിച്ചത്. ബസുകൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നതിനുള്ള വിശാലമായ ഇടം. കോഫീ ഷോപ്പിനും വെജിസ്റ്റേറിയൻ റെസ്റ്റോറന്റിനും പുറമെ ശലഭപാർക്കും മീൻകുളവും ഔഷധസസ്യത്തോട്ടവും ഇവിടെ ഒരുക്കിയിരിക്കുന്നു. തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനും യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുമുള്ള സൗകര്യവും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ അടിമുടി മാറ്റവുമായാണ് പൊങ്ങത്തെ ഔട്ട്‍ലെറ്റ് ഈ പുതുവർഷത്തിൽ ഉപഭോക്താക്കള്‍ക്കായി എത്തിയിരിക്കുന്നത്.

1.5 മെഗാവാട്ട് സോളാർ വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 69 ലക്ഷം രൂപ ചെലവിൽ ഇവിടെ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ കേന്ദ്രം ഔട്ട്‍ലെറ്റിന്‍റെ മുഴുവൻ വൈദ്യുതി ആവശ്യവും നിറവേറ്റുന്നു. താമസിയാതെ കേരളത്തിലെ മുഴുവൻ ഔട്ട്‍ലെറ്റുകളും ഹൈടെക്കും ഒപ്പം പ്രകൃതിസൗഹൃദവുമാക്കാനാണ് ഐഒസിയുടെ തീരുമാനം.