തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ വിവിധ വകുപ്പുകളില്‍ നിന്നുളള അനുമതി ലഭ്യമാകുന്നതിന് ഏകീകൃത അപേക്ഷ ഫോം (കോമണ്‍ ആപ്ലിക്കേഷന്‍ ഫോറം) സംവിധാനമൊരുക്കി വ്യവസായ വകുപ്പ്. കെ സ്വിഫ്റ്റ് എന്നാണ് വ്യവസായ അപേക്ഷകൾക്കുള്ള ഓൺലൈൻ ഏകജാലക  സംവിധാനത്തിന്‍റെ പേര്. 

കെ സ്വിഫ്റ്റിന്‍റെ പൈലറ്റ് ലോഞ്ച് കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പുതിയ സംവിധാനത്തിന്‍റെ വരവോടെ സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ വന്‍ കുതിപ്പ് സാധ്യമാകുമെന്നാണ് പ്രതീക്ഷ.  

ഇതുപ്രകാരം വ്യവസായം തുടങ്ങാൻ വിവിധ വകുപ്പുകളുടെ അനുമതിക്ക് പ്രത്യേകം അപേക്ഷ നൽകേണ്ട. 14 വകുപ്പുകളിലെ 29 സേവനങ്ങൾ സമയബന്ധിതമായി കെ സ്വിഫ്റ്റിലൂടെ നടപ്പാക്കും. പുതിയ സംരംഭം തുടങ്ങാനുള്ള നടപടികളുടെ ലഘൂകരണം കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തില്‍ സുപ്രധാന നാഴികക്കല്ലാകും.