ഇന്ത്യന്‍ ഫുട്ബോളിന് ശക്തിപകരുന്ന പ്രധാന ലീഗുകള്‍ രണ്ടാണ് ഐഎസ്എല്ലും, ഐ ലീഗും. 2007 മുതല്‍ ഐ ലീഗ് മാത്രമായിരുന്നു ഇന്ത്യയുടെ ഏക പ്രഫഷണല്‍ ലീഗ്. എന്നാല്‍, ഐഎസ്എല്‍ എത്തിയതോടെ പ്രഫഷണല്‍ ലീഗുകളുടെ എണ്ണം രണ്ടായി വളര്‍ന്നു. അഞ്ച് സീസണുകള്‍ കൊണ്ട് തന്നെ സാമ്പത്തികമായി ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ ലീഗായി ഐഎസ്എല്‍ മാറുകയും ചെയ്തു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ അഞ്ചാമത് എഡിഷന്‍ ശനിയാഴ്ച്ച ആരംഭിച്ചു. അഞ്ച് എഡിഷനുകള്‍ കൊണ്ടുതന്നെ ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും ജനകീയ ലീഗുകളിലൊന്നായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍). 2017 -18 മുതലാണ് ലീഗിന് ഏഷ്യന്‍ -ലോക ഫുട്ബോള്‍ നിയന്ത്രണ സംവിധാനങ്ങളുടെ അംഗീകാരം നേടിയെടുക്കാനായത്. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തുടങ്ങിയതോടെ ടെലിവിഷന്‍ പ്രൈം ടൈം പ്രേക്ഷകര്‍ കൂടുതലായി ഫുട്ബോള്‍ കാഴ്ച്ചകള്‍ക്കായി സമയം നീക്കിവയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ഫുട്ബോള്‍ മത്സരങ്ങള്‍ വീക്ഷിക്കാനെത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടാക്കാന്‍ ഐഎസ്എല്‍ കാരണമായി. 2017 -18 ലെ കണക്കുകള്‍ പ്രകാരം ശരാശരി 14,801 പേരാണ് ഓരോ ഐഎസ്എല്‍ മത്സരങ്ങളും വീക്ഷിക്കാരെത്തുന്നത്.

ഇന്ത്യന്‍ ഫുട്ബോളിന് ശക്തിപകരുന്ന പ്രധാന ലീഗുകള്‍ രണ്ടാണ് ഐഎസ്എല്ലും, ഐ ലീഗും. 2007 മുതല്‍ ഐ ലീഗ് മാത്രമായിരുന്നു ഇന്ത്യയുടെ ഏക പ്രഫഷണല്‍ ലീഗ്. എന്നാല്‍, ഐഎസ്എല്‍ എത്തിയതോടെ പ്രഫഷണല്‍ ലീഗുകളുടെ എണ്ണം രണ്ടായി വളര്‍ന്നു. അഞ്ച് സീസണുകള്‍ കൊണ്ട് തന്നെ സാമ്പത്തികമായി ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ ലീഗായി ഐഎസ്എല്‍ മാറുകയും ചെയ്തു.

 ഐഎസ്എല്‍ വളരുകയാണ്

നിക്ഷേപം കൊണ്ടും വരുമാനം കൊണ്ടും ഐഎസ്എല്‍ വര്‍ഷാ വര്‍ഷം വളരുകയാണ്. സെലിബ്രറ്റികളായ നിരവധി പേരുടെ സാന്നിധ്യം കൊണ്ടും വിപുലമായ പ്രചാരണ പരിപാടികളുമാണ് ഐഎസ്എല്‍ സാധാരണക്കാരുടെ ഇടയില്‍ വളരാന്‍ ഇടയാക്കിയ ഘടകം. 2014 ല്‍ ആരംഭിച്ച ഐഎസ്എല്ലില്‍ ഇപ്പോള്‍ 10 ടീമുകളാണുളളത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ കേന്ദ്രീകൃതമായാണ് ഐഎസ്എല്‍ ടീമുകള്‍ തുടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇവ ടീമുകളുടെ വളര്‍ച്ചയെ ഏറെ സഹായിച്ചു. 

ലീഗ് വിജയികള്‍ക്ക് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷനിലേക്ക് (എഎഫ്സി) യോഗ്യത ലഭിക്കുകയും ചെയ്യുമെന്ന് ഐഎസ്എല്ലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ജനകീയത വര്‍ദ്ധിപ്പിക്കുന്നതില്‍ ഐഎസ്എല്‍ വലിയ പങ്കാണ് വഹിച്ചുപോരുന്നത്. പുതുതായി അനേകം യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കാനും ഐഎസ്എല്‍ കാരണമാകുന്നുണ്ട്. കളിക്കാര്‍ക്ക് ഉയര്‍ന്ന പ്രതിഫലവും ഐഎസ്എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

തലയെടുപ്പുളള ഐ ലീഗ്

2007 ല്‍ തുടങ്ങിയ ഐ ലീഗില്‍ ശരാശരി 9,533 പേരാണ് മത്സരങ്ങള്‍ വീക്ഷിക്കാനായി എത്താറുള്ളത്. പ്രധാനമായും 11 ഇന്ത്യന്‍ ഫുട്ബോള്‍ ടീമുകളാണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഐ ലീഗിന് ഐഎസ്എല്ലിനെ അപേക്ഷിച്ച് വരുമാനം കുറവെങ്കിലും പ്രാദേശിക ഫുട്ബോള്‍ വികരത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നത് ഐ ലീഗാണെന്ന് പ്രശസ്ത ഓണ്‍ലൈന്‍ മാധ്യമം ലൈവ് മിന്‍റ് പറയുന്നു. 
ഇന്ത്യന്‍ ഫുട്ബോളിലെ പാരമ്പര്യം അവകാശപ്പെടാവുന്ന കൊല്‍ക്കത്തയിലെ ക്ലബ്ബുകള്‍ ഐ ലീഗിന്‍റെ ഭാഗമാണ്. മണിപ്പൂര്‍, മിസോറം, കാശ്മീര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുളള പുതിയ ടീമുകളും ഇന്ന് ലീഗിന്‍റെ ഭാഗമാണ്. ലീഗ് കിരീടം കൈയിലേന്തുന്നവര്‍ക്ക് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷനിലേക്ക് (എഎഫ്സി) യോഗ്യതയും ലഭിക്കും. ബെംഗളൂരു എഫ്സിയാണ് രണ്ട് ലീഗുകളിലും മത്സരക്കുന്ന ഏക ടീം. ഇന്നത്തെ പല തലയെടുപ്പുളള കളിക്കാരെയും രാജ്യത്തിന് സംഭാവന ചെയ്തത് ഐ ലീഗാണ്. 


ഓണ്‍ലൈന്‍ മാധ്യമമായ ലൈവ് മിന്‍റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രമുഖ ടീമുകളില്‍ പലതിന്‍റെയും തലപ്പത്ത് വലിയ മാറ്റങ്ങളുണ്ടായതായി സൂചിപ്പിക്കുന്നു. കൊല്‍ക്കത്ത ടീമില്‍ വലിയ മാറ്റങ്ങാളാണുണ്ടായത്. മലയാളികളുടെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നേതൃത്വത്തിലും മാറ്റങ്ങള്‍ ഉണ്ടായി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഓഹരികള്‍ വിറ്റഴിച്ചതും ലുലു ഗ്രൂപ്പ് ടീമിനെ വാങ്ങിയതുമാണ് ഐഎസ്എല്‍ ടീം മാനേജ്മെന്‍റുകളില്‍ ഈ സീസണിലൂണ്ടായ വലിയ മാറ്റങ്ങള്‍. 

ഐഎസ്എല്‍ ടീമുകള്‍

കൊല്‍ക്കത്തക്കാരുടെ എടികെ, ബാഗ്ലൂര്‍ എഫ്സി, ചെന്നൈ എഫ്സി, ദില്ലി ഡെനാമോസ്, എഫ്സി ഗോവ, ജംഷഡ്പൂര്‍ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, പൂനെ എഫ്സി തുടങ്ങിയവയാണ് ഐഎസ്എല്ലിലെ കരുത്തനമാര്‍. കാണികളുടെ എണ്ണത്തില്‍ മുന്നിലുളള കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ടീമുകളില്‍ ജനകീയതയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍. 

2017 -18 ല്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ശരാശരി 31,763 പേരാണ് ബ്ലാസ്റ്റേഴ്സ് മത്സരങ്ങള്‍ വീക്ഷിക്കാനെത്തിയത്. ശരാശരി 6,449 പേര്‍ മത്സരം വീക്ഷിക്കാനെത്തിയ മുംബൈ എഫ്സിയാണ് പട്ടികയിലെ ഏറ്റവും പിന്‍നിരക്കാരന്‍. പുതിയ സീസൺ അവസാനിക്കുന്നതോടെ ഈ കണക്കുകളിലെല്ലാം വലിയ മാറ്റങ്ങള്‍ തന്നെയുണ്ടാവുമെന്നാണ് ഈ മേഖലയില്‍ ഉള്ളവരുടെ പക്ഷം. ഐഎസ്എല്‍ വളരുകയാണ് ഇന്ത്യന്‍ ഫുട്ബോളും.