ദില്ലി: കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വികിംഗ് എയറുമായി സഹകരിച്ചു കൊണ്ട് മഹീന്ദ്ര എയ്‌റോസ്‌പേസ് ചെറുവിമാനങ്ങള്‍ നിര്‍മിക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുകമ്പനികളും ഒപ്പുവച്ചു. 

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടത്. 19 യാത്രക്കാരെ വഹിക്കാവുന്ന ഒട്ടര്‍ 400 എന്ന ഇരട്ടഎഞ്ചിന്‍ വിമാനമാണ് വികിംഗ് എയര്‍ നിര്‍മിക്കുന്നത്. കരയിലെന്ന പോലെ ജലത്തിലും ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും ഈ വിമാനങ്ങള്‍ക്ക് കഴിവുണ്ട്. എട്ട് പേര്‍ക്കിരിക്കാവുന്ന മഹീന്ദ്ര എയര്‍വാന്‍ 8, പത്ത് സീറ്റുള്ള എയര്‍വാന്‍ 10 എന്നിവയാണ് മഹീന്ദ്രയുടെ ചെറുവിമാനങ്ങള്‍. 

ഇന്ത്യയിലെ ചെറുനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് വിമാനസര്‍വ്വീസുകള്‍ ഉഡാന്‍ പദ്ധതി വന്നതോടെ കൂടുതല്‍ സജീവമായിട്ടുണ്ട്. ഇതിലേക്കായി നൂറുകണക്കിന് ചെറുവിമാനങ്ങളാണ് രാജ്യത്തെ വിവിധ വിമാനക്കമ്പനികള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് ചെറുവിമാന നിര്‍മാണ രംഗത്തേക്ക് മഹീന്ദ്രയും കടന്നിരിക്കുന്നത്.