കൊൽക്കത്ത: ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. തന്റെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കില്ലെന്നും അതിന്റെ പേരില്‍ കണക്ഷന്‍ റദ്ദാക്കണമെന്നും മമത കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഏകാധിപത്യ രീതിയിലാണു മോദി സർക്കാരിന്റെ ഭരണം. പൗരന്മാരുടെ അവകാശങ്ങളിന്മേലും സ്വകാര്യതയിലും കൈ കടത്താനാണ് സർക്കാര്‍ ശ്രമിക്കുന്നത്. ആരും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കരുത്. തീർത്തും ഏകാധിപത്യപരമായ ഭരണമാണ് ബിജെപിയുടേത്. ആര്‍ക്കും എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥ. വിമര്‍ശിക്കുന്നവരെ സി.ബി.ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു. കേന്ദ്രത്തിൽ ഭരണത്തിലെത്തിയില്ലെങ്കിലും ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ വേണ്ടതെല്ലാം തൃണമൂൽ കോൺഗ്രസ് ചെയ്യും. രാജ്യംകണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണു നോട്ടുനിരോധനം. നോട്ടുനിരോധനം പ്രഖ്യാപിച്ച നവംബർ എട്ട് തൃണമൂൽ കോൺഗ്രസ് കരിദിനമായി ആചരിക്കുമെന്നും മമത വ്യക്തമാക്കി.
