ഡെറാഢൂണ്‍:2001-ല്‍ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ സംസ്ഥാനത്തെ ദക്ഷിണകൊറിയയെ പോലെ വികസിതമാക്കി മാറ്റാണമെന്നായിരുന്നു ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെറാഡൂണില്‍ നിക്ഷേപക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്പോള്‍ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്... മോദി പറഞ്ഞു. 

നമ്മുടെ സംസ്ഥാനങ്ങള്‍ ലോകത്തെ പല രാജ്യങ്ങളേക്കാളും ശക്തമാണ്. പല ചെറുരാഷ്ട്രങ്ങളേക്കാളും വളരാനുള്ള കെല്‍പ്പുണ്ട് നമ്മുടെ ചില സംസ്ഥാനങ്ങള്‍ക്ക്. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ആ ഒരു ചിന്തയാണ് തനിക്കും ഉണ്ടായിരുന്നത്. ഗവര്‍ണ്‍മെന്‍റ് എന്താണെന്നോ അതിന്‍റെ പ്രവര്‍ത്തനരീതി എങ്ങനെയാണെന്നോ അന്ന് തനിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. എന്നെ കാണാനെത്തിയ ഒരു മാധ്യമപ്രവര്‍ത്തകനോട് എന്തായിരിക്കും ലക്ഷ്യം എന്നു ചോദിച്ചപ്പോള്‍ ദക്ഷിണകൊറിയയെ പോലെ ഗുജറാത്തിനെ മാറ്റിയെടുക്കലാണെന്നാണ് ഞാന്‍ പറഞ്ഞത്. 

അമേരിക്കയെന്നോ ഇംഗ്ലണ്ടെന്നോ പറയാതെ എന്തു കൊണ്ട് ദക്ഷിണകൊറിയയെ ഞാന്‍ മാതൃകയാക്കിയെന്ന സംശയം ആ മാധ്യമസുഹൃത്തിനുമുണ്ടായി. ഗുജറാത്തിലും ദക്ഷിണകൊറിയയിലും ഒരേ ജനസംഖ്യയാണെന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. ആ മാതൃകയില്‍ മുന്നോട്ട് പോയാല്‍ നമ്മെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന ആത്മവിശ്വാസവും അദ്ദേഹത്തോട് ഞാന്‍ പങ്കുവച്ചു. 

രാജ്യത്തെ നിക്ഷേപസൗഹൃദകേന്ദ്രമാക്കി മാറ്റുവാന്‍ നിരവധി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ നികുതി സന്പ്രദായം നമ്മള്‍ പരിഷ്കരിച്ചു. നികുതികള്‍ ഇനിയും സുതാര്യവും ലളിതവുമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വ്യവസായം ആരംഭിക്കുക എന്നത് ഏറ്റവും എളുപ്പമാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യാവസായിക സൗഹൃദമായ രീതിയില്‍ നമ്മുടെ ബാങ്കിംഗ് സംവിധാനവും ഒരുപാട് മാറിയിട്ടുണ്ട് - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.