മുംബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ സിംഗിള്‍ റണ്‍വേ എയര്‍പോര്‍ട്ട് എന്ന ബഹുമതിയുള്ള മുംബൈ എയര്‍പോര്‍ട്ട് സ്വന്തം റെക്കോര്‍ഡ് പുതുക്കി. ജനുവരി 20-ലെ 24 മണിക്കൂര്‍ സമയത്തില്‍ 980 വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ പറന്നിറങ്ങിയത്.
അതേസമയം കാര്യക്ഷമതയില്‍ മുംബൈയേക്കാള്‍ മികച്ചു നില്‍ക്കുന്ന മറ്റൊരു എയര്‍പോര്‍ട്ട് ലോകത്തുണ്ട്. ബ്രിട്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിനാണ് ആ ബഹുമതി. മുംബൈയ്ക്ക് സമാനമായി ഒരൊറ്റ റണ്‍വേ മാത്രമുള്ള ഗാറ്റ്‌വിക്കില്‍ 19 മണിക്കൂറില്‍ 870 വിമാനങ്ങള്‍ക്ക് ഇറങ്ങാം. രാത്രിലാന്‍ഡിംഗിന് നിരോധനമുള്ളതിനാല്‍ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ രാത്രി വരെ മാത്രമേ ഈ വിമാനത്താവളത്തിലെ റണ്‍വേ പ്രവര്‍ത്തിക്കൂ. അതിനാല്‍ തന്നെ 24 മണിക്കൂറിലെ ഹാന്‍ഡിലിംഗില്‍ മുംബൈ വിമാനത്താവളം തന്നെയാണ് ലോകത്ത് മുന്നില്‍.
തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ 55 വിമാനങ്ങള്‍ വരെ ഗാറ്റ് വിക്കില്‍ ടേക്ക് ഓഫ് ചെയ്യുകയോ ലാന്‍ഡ് ചെയ്യുകയോ ചെയ്യുമ്പോള്‍ 52 വിമാനങ്ങള്‍ വരെയാണ് മുംബൈ വിമാനത്താവളം തിരക്കേറിയ മണിക്കൂറുകളില്‍ കൈകാര്യം ചെയ്യുന്നത്.
