ഓഹരി വിപണികൾ റെക്കോഡ് ഉയരത്തിൽ വ്യാപാരം ചെയ്യുന്നു. സെൻസെക്സ് രാവിലെ 138 പോയന്‍റ് ഉയർന്ന് 33,295ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 46 പോയന്‍റ് ഉയർന്ന് 10,369ലും എത്തി. വെള്ളിയാഴ്ചത്തെ നേട്ടമാണ് ഓഹരി വിപണി മറികടന്നത്. കമ്പനികളുടെ ത്രൈമാസ ഫലങ്ങളിൽ ഉണർവുണ്ടാകുന്നതാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. ഏഷ്യൻ വിപണികളിലെ നേട്ടവും തുണച്ചു.
ആഭ്യന്തര നിക്ഷേപകർ വൻ തോതിൽ ഓഹരികൾ വാങ്ങുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും നിർമാണ മേഖലയിലെയും ഓഹരികൾ ലാഭത്തിലാണ്. രണ്ടാം പാദത്തിൽ മികച്ച ലാഭം കൈവരിച്ചതിനെ തുടർന്ന് മാരുതി സുസുക്കിയുടെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഒ.എൻ.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ മോട്ടോഴ്സ് എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ. എയർടെല്ലിന്റെ മാതൃകമ്പനിയായ ഭാരതി ടെലികോം 4.62 ശതമാനം ഓഹരികൾ വാങ്ങുമെന്ന് അറിയിച്ചതിനെ തുടർന്ന് എയർടെല്ലിന്റെ ഓഹരികളും നേട്ടത്തിലാണ്. ടെലികോം മേഖലയിലെ മത്സരം അതിജീവിക്കാൻ 9,623 കോടി രൂപയാണ് ഭാരതി ടെലികോം നിക്ഷേപിക്കുന്നത്.
അതേസമയം ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, വിപ്രോ എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നേട്ടത്തിലാണ്. 12 പൈസയുടെ നേട്ടത്തോടെ 64.92 രൂപയിലാണ് വിനിമയം.
