നോട്ട് കമ്മിയെ തുടര്‍ന്ന് മരുന്നു കടകളില്‍ പോലും നാല്‍പതു ശതമാനത്തോളം വില്‍പന കുറഞ്ഞു.  പലചരക്കു കടകളിലും തിരക്കൊഴിഞ്ഞു. ശമ്പള ദിവസങ്ങളില്‍ പോലും കച്ചവടം തീരെയില്ല. കഴിഞ്ഞ ഡിസംബറില്‍ വില്‍പന നികുതി ഇനത്തില്‍ ഖജനാവിലെത്തിയത് 2578 കോടിയാണ്. ഇതില്‍ നിന്ന് ഇത്തവണ 30 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍. അതായത് 1800 കോടിയോളം രൂപ മാത്രം. നവംബറിലെ വരുമാനം 2700 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13 ശതമാനം വളര്‍ച്ചയുണ്ടായിടത്താണ് നോട്ട് പ്രതിസന്ധിക്ക് പിന്നാലെ സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ ഇടിയുന്നത്

സ്റ്റാമ്പ് ഡ്യൂട്ടി രജിസ്‍ട്രേഷന്‍ ഇനത്തില്‍ 100 കോടിയോളം കുറവാണ് ഒക്ടോബറിലെക്കാള്‍ കഴിഞ്ഞമാസം ഉണ്ടായത്. നടപ്പുമാസവും മാറ്റത്തിന് സാധ്യതയില്ല . എക്‌സൈസ് വരുമാനത്തില്‍ കാര്യമായി വ്യത്യാസമില്ല. ചെറുവാഹനങ്ങളുടെ വില്‍പന കുറഞ്ഞതോടെ വാഹനനികുതി ഇനത്തിലും വരുമാനം കുറയും. ലോട്ടറി വില്‍പനയും കുറഞ്ഞു. ഈ നില നടപ്പു സാമ്പത്തിക വര്‍ഷം മുഴുവന്‍ തുടര്‍ന്നാല്‍ ബജറ്റ് കണക്കാക്കുന്ന 13,066 കോടിയില്‍ റവന്യു കമ്മി ഒതുങ്ങില്ല.