കേന്ദ്രസർക്കാറിന്‍റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സംപൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ സർക്കാരിന് അവകാശമില്ല എന്ന നിലപാടിലാണ് പ്രതിപക്ഷം.

ദില്ലി: കഴിഞ്ഞ വർഷങ്ങളിലൊന്നും ഇല്ലാത്ത ഒരു സവിശേഷ സാഹചര്യം ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനുണ്ട്. ഒരു ഇടക്കാല ബജറ്റാണോ 2019-2020 സാമ്പത്തികവർഷത്തേക്കുള്ളസമ്പൂർണ്ണ ബജറ്റാണോ ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള പീയുഷ് ഗോയൽ പാർലമെന്‍റിൽ അവതരിപ്പിക്കാൻ പോകുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേന്ദ്രസർക്കാറിന്‍റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സംപൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ സർക്കാരിന് അവകാശമില്ല എന്ന നിലപാടിലാണ് പ്രതിപക്ഷം.

നരേന്ദ്രമോദി സർക്കാരിന്‍റെ കാലാവധി അവസാനിക്കുകയാണെങ്കിലും ഭരണത്തുടർച്ച ഉണ്ടാകും എന്ന ആത്മവിശ്വാസം സർക്കാരിനുണ്ട് എന്ന പ്രതീതിയുണ്ടാക്കാൻ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചേക്കും എന്നാണ് സൂചന. 'ഇടക്കാല ബജറ്റ് 2019- 2020' എന്നാണ് ബജറ്റിൽ അച്ചടിച്ചിരിക്കുന്നത് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇടക്കാല ബജറ്റായിത്തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സംപൂർണ്ണ ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നതെങ്കിൽ പാർലമെന്‍റ് ബഹളത്തിൽ മുങ്ങും.

ഈ സർക്കാരിന്‍റെ കാലാവധി തീരുംവരെയുള്ള വരവുചെലവ് കണക്കുകൾ മാത്രം പറയുന്ന വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ചാൽ മതിയാകും എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആദ്യ ആവശ്യം. വോട്ട് ഓൺ അക്കൗണ്ടിൽ പുതിയ പദ്ധതികൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകില്ല. ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നതെങ്കിൽ അത് ഒരു വോട്ട് ഓൺ അക്കൗണ്ടിന്‍റെ സ്വഭാവത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ ഇല്ലാതെയാകണം എന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. അതേസമയം സംപൂർണ്ണ ബജറ്റിന്‍റെ സ്വഭാവത്തിലുള്ള ഇടക്കാല ബജറ്റോ സംപൂർണ്ണ ബജറ്റ് തന്നെയോ ആണ് സർക്കാർ അവതരിപ്പിക്കുന്നതെങ്കിൽ സഭാതലം ബഹളമയമാകും.

ഏതായാലും സംപൂർണ്ണ അവതരിപ്പിക്കാൻ കേന്ദ്രസർക്കാരിന് നിയമപരമായ തടസ്സമില്ല. പക്ഷേ കാലാവധി അവസാനിക്കാനിരിക്കുന്ന സർക്കാരുകൾ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതാണ് കാലങ്ങളായി ഇന്ത്യയിലെ കീഴ്വഴക്കം. ഈ കീഴ്വഴക്കം ലംഘിക്കരുതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.