ജയിലിൽ തന്നെ പീഡിപ്പിച്ചയാളാണ് വർക്ക്‌ഷോപ്പിലെത്തിയതെന്ന് മുൻ രാഷ്ട്രീയ തടവുകാരനായ ഒരു മെക്കാനിക്ക് സംശയിക്കുന്നു. ജാഫര്‍ പനാഹിയുടെ സ്വന്തം ജയിൽ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ചിത്രം ഇറാനിലെ ജനാധിപത്യ വിരുദ്ധത തുറന്നുകാട്ടുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ജാഫര്‍ പനാഹിയുടെ തുടര്‍ രാഷ്‌ട്രീയ പ്രഖ്യാപനം, ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മെക്കാനിക്കായ ഒരു മുന്‍ രാഷ്‌ട്രീയ തടവുകാരനില്‍ കേന്ദ്രീകൃതമായ സിനിമ, സിനിമയിലൂടെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തുന്നത് ഇറാനിയന്‍ ഭരണകൂടത്തെ തന്നെ. ഇറാനിലെ ജനാധിപത്യ വിരുദ്ധ ഭരണകൂടത്തിന്‍റെ ക്രൂരതകളിലേക്ക് ഒരു സാധാരണക്കാരനായ മെക്കാനിക്കിന്‍റെയും, അടുത്ത ദിവസം വിവാഹം കഴിക്കാന്‍ പോകുന്ന ദമ്പതികളുടെയും ജീവിതത്തിലൂടെ വിമര്‍ശനാത്മകമായി കൂട്ടിക്കൊണ്ടുപോവുകയാണ് ജാഫര്‍ പനാഹി അദേഹത്തിന്‍റെ പുത്തന്‍ ക്ലാസിക്കായ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റ്' (It Was Just an Accident) എന്ന സിനിമയിലൂടെ.
ഒരു കാര്‍ അപകടം മാറ്റിമറിക്കുന്ന സിനിമ
മുഖവുരകള്‍ ആവശ്യമില്ല ജാഫര്‍ പനാഹി എന്ന മാസ്റ്റര്‍ ഫിലിം മേക്കര്‍ക്ക്. ഇറാനിയന്‍ നവതരംഗ സിനിമയുടെ പതാകവാഹകരില്‍ ഒരാളായ ജാഫര്‍ പനാഹിയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റ്. വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള പാം ഡി ഓര്‍ നേടിയ സിനിമ എന്ന നിലയില്‍ അന്താരാഷ്‌ട്ര ശ്രദ്ധ കൈവന്ന ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റ്, പനാഹിയുടെ മറ്റ് സിനിമകള്‍ പോലെതന്നെ മസ്റ്റ് വാച്ച് ഗണത്തില്‍ ഉള്‍പ്പെടുന്നു. സമകാലിക ഇറാനിലെ ജീവിതങ്ങള്‍ വരച്ചിടുന്ന ശൈലിയില്‍ നിന്ന് ജാഫര്‍ പനാഹി അല്‍പ്പമൊന്ന് മാറി നടക്കുന്നോ എന്ന് സംശയം തോന്നാമെങ്കിലും അദേഹത്തിന്‍റെ മുന്‍ സിനിമകളിലെ പോലെ അതിശക്തമായ സ്‌ത്രീ കഥാപാത്രങ്ങളും നിര്‍ഭയത്തോടെയുള്ള ഭരണകൂട വിമര്‍ശനവും ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റിലും തെളിഞ്ഞ് കാണാം. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫെസ്റ്റിവല്‍ ഫേവറൈറ്റ് വിഭാഗത്തിലാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റ് പ്രദര്‍ശിപ്പിച്ചത്.
റിവഞ്ച് ത്രില്ലര്‍ സ്വഭാവത്തിലാണ് 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റ്' ജാഫര്‍ പനാഹി ഒരുക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങളും റിവഞ്ചും വൈകാരികതകളുമാണ് അതിലെ ഉള്ളടക്കം. ഒരു രാത്രിയില്‍ നടക്കുന്ന ചെറിയൊരു കാര്‍ അപകടത്തിലാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റിന്‍റെ തുടക്കം. ഇഖ്ബാല്‍ (Ebrahim Azizi) എന്ന മധ്യവയസ്‌കന്‍ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യക്കും തന്‍റെ കുഞ്ഞു മകള്‍ക്കുമൊപ്പം കാറില്‍ യാത്ര വരികയാണ്. കൂരിരുടത്ത് ആ കാര്‍ ചെറിയൊരു അപകടത്തില്‍പ്പെടുന്നു. അപകടത്തില്‍ ഒരു നായയുടെ ജീവന്‍ നഷ്‌ടമാകുന്നു. പനാഹി ചിത്രത്തിന്‍റെ ഭാവി തന്നെ നിശ്ചയിക്കുന്ന വഴിത്തിരിവാകുന്നു സിനിമയുടെ തുടക്കത്തില്‍ തന്നെയുള്ള ആ അപകടം. തന്‍റെ വണ്ടി നന്നാക്കാനായി തൊട്ടടുത്തുള്ള വര്‍ക്ക്‌ഷോപ്പിലേക്ക് എത്തുകയാണ് ഇഖ്‌ബാല്‍. അവിടുന്നങ്ങോട്ട് ഏറെ സംഭവവികാസങ്ങളിലൂടെയും അതിന്‍റെ പ്രത്യാഘാതങ്ങളിലൂടെയും ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റ് വികസിക്കുന്നു.
വാഹിദ് vs ഇഖ്ബാല്‍
കുറച്ചുകാലം മുമ്പ് ഇറാനിയന്‍ ഭരണകൂടം ജയിലിലടച്ച ഓട്ടോ മെക്കാനിക്കാണ് അസര്‍ബൈജാന്‍കാരനായ വാഹിദ് (Vahid Mobasseri). വാഹിദ് ജയിലറയില്‍ വച്ച് ക്രൂര മര്‍ദ്ദനത്തിനിരയായിരുന്നു. അതിന്‍റെ തെളിഞ്ഞ ആഘാതം ഉള്ളിലും പുറത്തും ഇന്നും അയാള്‍ക്കുണ്ട്. ഇക്‌ബാല്‍ അപ്രതീക്ഷിതമായി വാഹിദിന്‍റെ മെക്കാനിക്കല്‍ ഷോപ്പിലേക്ക് വരുമ്പോള്‍ ഇക‌്‌ബാലിന്‍റെ കൃത്രിമ കാലുകളും ശബ്‌ദവും വാഹിദില്‍ സംശയമുണര്‍ത്തുന്നു. തൊട്ടടുത്ത ദിവസം ഇക്‌ബാലിനെ വാദിദ് തട്ടിക്കോണ്ടുപോയി ഒരു മരുഭൂമിയില്‍ കുഴിച്ചിടാന്‍ ശ്രമിക്കുന്നു. മുമ്പ് ജയിലില്‍ വച്ച് തന്നെ പീഡിപ്പിച്ചവരില്‍ ഒരാളാണ് ഇപ്പോള്‍ വര്‍ക്ക്‌ഷോപ്പിലെത്തിയ ഇക്‌ബാല്‍ എന്ന് വാഹിദ് വിശ്വസിക്കുകയാണ്. എന്നാല്‍ അക്കാര്യം ഉറപ്പിക്കാന്‍ വാഹിദ് അയാളെ വാനില്‍ കയറ്റി കൊണ്ടുപോകുന്നു. ജയിലില്‍ സമാന അനുഭവങ്ങള്‍ നേരിട്ട മറ്റനേകം പേരെ കണ്ടെത്തുകയും അവര്‍ കൂട്ടംചേര്‍ന്ന് അയാളുടെ ഐഡന്‍റിറ്റി അന്വേഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന കഥയാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റ് പറയുന്നത്.
ഇതിനിടെ, രസകരമായ അനേകം മുഹൂര്‍ത്തങ്ങള്‍ സിനിമയില്‍ കടന്നുവരുന്നു. സിനിമയുടെ ഉള്ള് പൊള്ളയാവാത്ത തരത്തില്‍ ബ്ലാക്ക് ഹ്യൂമറുകളും ആക്ഷേപഹാസ്യവും ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റ് എന്ന സിനിമയിലുണ്ട്. ആദ്യാന്ത്യം ജാഫര്‍ പനാഹിയുടെ ഉള്‍ക്കൈയില്‍ സുരക്ഷിതമായ സൃഷ്‌ടിയാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റ്. ചിത്രീകരണ സ്വഭാവവും അഭിനയതാക്കളുടെ പ്രകടനവും സിനിമയെ വേറൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. നീളമേറിയ സംഭാഷണങ്ങള്‍, അവയുടെ ഉച്ചത്തിലുള്ള അവതരണം എന്നിവ എടുത്തുപറയേണ്ടിയിരിക്കുന്നു. വാഹിദായി വാഹിദ് മൊബ്ബസ്സേരിയും, ഇഖ്ബാലായി ഇബ്രാഹിം അസീസിയും സ്‌ക്രീനില്‍ അതിശയിപ്പിച്ചപ്പോള്‍ അതിശക്തമായ രണ്ട് സ്‌ത്രീ കഥാപാത്രങ്ങളും ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റിലുണ്ട്. ക്യാമറ പേഴ്‌സണ്‍ ആയ സിവയായി അഭിനയിച്ച മറിയം അഫ്‌ഷാരിയും, നവവധുവായ ഗോലി ആയി എത്തിയ ഹാദിസും ആണത്. ജാഫര്‍ പനാഹിയുടെ നെടുനീളന്‍ ഷോട്ടുകളില്‍ ഇവര്‍ക്കെല്ലാം പുറമെ, ഹമീദ് ആയി വേഷമിട്ട മുഹമ്മദ് അലിയും വളരെ ലൗഡും വൈകാരികവുമായ അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. നവവരനായ അലിയാണ് (മജീദ് പനാഹി) എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം.
പനാഹിയുടെ തന്നെ അനുഭവം, ഭരണകൂട വിമര്‍ശനങ്ങളുടെ തുടര്‍ച്ച
ഇറാനിയന്‍ ഭരണകൂടവുമായി എക്കാലവും കലഹിച്ചിട്ടുള്ള ജനാധിപത്യവാദിയും ചലച്ചിത്ര പ്രവര്‍ത്തകനുമായ ജാഫര്‍ പനാഹിയുടെ പുത്തന്‍ സിനിമയും അതേ പാത പിന്തുടരുകയാണ്. ജയിലില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം, ഇറാന്‍ ഭരണകൂടത്തിന്‍റെ അനുമതി വാങ്ങാതെയാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റ് ജാഫര്‍ പനാഹി ചിത്രീകരിച്ചത് എന്നതുതന്നെ ഒന്നാന്തരം തെളിവ്. ഹിജാബ് ധരിക്കാതെ സ്‌ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന വിവാദ നിയമം നില്‍ക്കുന്ന ഇറാനില്‍ ഹിജാബ് ധരിക്കാത്ത രണ്ട് സ്‌ത്രീ കഥപാത്രത്തെ പൊതുയിടങ്ങളില്‍ ഉച്ചത്തില്‍ സംസാരിപ്പിച്ച് സിനിമയിലൂടനീളം പനാഹി ഭരണകൂടത്തെ കടന്നാക്രമിക്കുന്നു. ഏകാന്ത തടവ് അനുഭവിച്ചിരുന്ന കാലത്ത് ജാഫര്‍ പനാഹിയുടെ കണ്ണ് മൂടിക്കെട്ടിയാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തിരുന്നത്. ഒരു ഭിത്തിക്ക് അഭിമുഖമായുള്ള ആ സംഭാഷണങ്ങളില്‍ ചോദ്യം ചെയ്യുന്നയാളുടെ ശബ്‌ദം മാത്രമേ പനാഹി കേട്ടിരുന്നുള്ളൂ, ചോദ്യം ചെയ്യുന്നയാളുടെ മുഖം പനാഹിക്ക് വ്യക്തമായിരുന്നില്ല. ഈ അനുഭവത്തില്‍ നിന്നാണ് 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ അക്‌സിഡന്‍റ്' എന്ന സിനിമ ജാഫര്‍ പനാഹി വികസിപ്പിച്ചത്.



