Asianet News MalayalamAsianet News Malayalam

സത്യം തേടിയുള്ള വിപ്ലവം, ചില ചോദ്യങ്ങളുമായി ലാ ടൊമാറ്റിന- റിവ്യു

സമൂഹത്തിന് നേരിടേണ്ടി വരുന്ന അനീതികളെ വിവരാവകാശനിയമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് വെളിച്ചത്തുകൊണ്ടുവരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതമാണ് ലാ ടൊമാറ്റിന.

Joy Mathew starrer new film La Tomatina review T Arun Kumar hrk
Author
First Published Sep 26, 2023, 7:33 PM IST

ഒരാള്‍ തടവിലാകുന്നത് അയാള്‍ തടവിലാണ് എന്ന ബോധമുണ്ടാകുമ്പോഴാണ്. അഴിക്കുള്ളില്‍ പൂട്ടിയിട്ട് താക്കോല്‍ അയാളുടെ കൈയില്‍ കൊടുത്താല്‍ അയാള്‍ തടവുകാരനല്ല, എന്നാല്‍ പൂട്ടിതാക്കോല്‍ പൂട്ടി ആള്‍ കൊണ്ടുപോയാല്‍ അയാള്‍ തടവുകാരനാണ്.  താന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നലാണ് നമ്മളെ തടവുകാരനാക്കുന്നത്. നമ്മുടെ വീട്ടില്‍ നാട്ടില്‍ ജയിലില്‍ ഒക്കെ അങ്ങനെ തന്നെ. രാജ്യത്ത് പൗരന്റെ സ്വാതന്ത്ര്യങ്ങള്‍ വിലക്കപ്പെടുന്ന ആ നിമിഷത്തില്‍ പൗരന്‍ തടവിലാക്കപ്പെടുകയാണ്. വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ഭരണകൂടത്തിന്റെ അനീതികള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച അമ്പതിലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഭരണകൂടത്തിന് ഹാനിയുണ്ടാക്കുന്ന വിവരങ്ങള്‍ തേടിയവരാണവര്‍. നമുക്ക് അനുവദിക്കപ്പെട്ട വിവരങ്ങള്‍ പോലും ചോദിക്കാന്‍ പാടില്ല, ഇരിക്കവിടെ എന്ന ഭരണകൂട ആജ്ഞ. പൗരജീവിതം അത്രമേല്‍ തടവിലാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന സന്ദേശമാണ് ഈ കണക്കുകള്‍ നമുക്ക് മുന്നില്‍ വെയ്ക്കുന്ന കാര്യം. ഈ പ്രശ്‌നത്തെ അസാധാരണമാം വിധം സ്ഥൈര്യത്തോടെ കൈകാര്യം ചെയ്യുന്ന ചലചിത്രമാണ് ലാ ടൊമാറ്റിന.

സത്യം തേടിയുള്ള യാത്ര

ടി അരുണ്‍കുമാര്‍ തിരക്കഥയെഴുതി സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്‍ത ലാ ടൊമാറ്റിന അധികാരസംവിധാനങ്ങള്‍ അപ്രിയജനതയെ എങ്ങനെ കൈകാര്യം ചെയ്യുന്ന എന്ന് വരച്ചുകാട്ടുകയാണ്. വിവരാവകാശനിയമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് സമൂഹത്തിന് നേരിടേണ്ടി വരുന്ന അനീതികളെ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്‍. ലാ ടൊമാറ്റിന എന്ന അയാളുടെ യു ട്യൂബ് ചാനല്‍. അതുവഴിയുള്ള വാര്‍ത്താവരവുകള്‍ മൂലം അസ്വസ്ഥമാക്കപ്പെടുന്ന  ഭരണകൂടം. നീതി നടപ്പാക്കേണ്ട ഭരണകൂടസംവിധാനം ഉപയോഗിച്ച് നീതി തമസ്‌കരിക്കുന്നത് വെളിപ്പെടുത്തുന്ന ഒരു മാധ്യമപ്രവര്‍ത്തനെ ഇല്ലാതാക്കുന്നതുവരെയുള്ള ഭീതിദായകമായ കഥാസഞ്ചാരമാണ് ലാ ടൊമാറ്റിന. കേവലമായ കഥാകഥനത്തിനപ്പുറത്ത് ഭരണകൂടഭീകരതയുടെ സത്യം തേടിയുള്ള യാത്രയാണ് സിനിമയുടെ ധര്‍മം.

അയ്യര്‍, സൈമണ്‍, അബു, ബെല്ല മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും എന്ന തരംതരിവിന് അപ്രാപ്യമാം വിധം പ്രാതിനിധ്യസ്വഭാവമുള്ള നാല് പേര്‍. അവര്‍ മാധ്യമപ്രവര്‍ത്തകനെ തേടുകയാണ്. ഒടുവില്‍ അയാളെ കണ്ടെത്തുന്നു. അയാളെ അവരുടെ സമാന്തരരാജ്യത്തെത്തിക്കുന്നു. അവിടെ പൗരനിയമങ്ങളല്ല, ഭരണകൂടനിയമങ്ങള്‍ മാത്രം. പലതട്ടിലുള്ള സാമൂഹ്യപ്രതിനിധാനങ്ങളായ 4 പേര്‍. അവര്‍ക്കിടയില്‍ ഓരോ നിമിഷവും വധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ ശബ്ദമായ വിവരാവകാശപ്രവര്‍ത്തകന്‍.  കുറ്റകൃത്യങ്ങളുടെ അധോലോകം തന്നെയാണ് നിയമപാലകരുടേത് എന്ന് കാണിച്ചുതരുന്ന രാത്രികള്‍.

Joy Mathew starrer new film La Tomatina review T Arun Kumar hrk

ഭീതിയുടെ അടരുകള്‍

ജോയ് മാത്യു അവതരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ കഥാപാത്രമാണ് സിനിമയുടെ കേന്ദ്രം. അയാളെ തടവിലാക്കുന്ന നാല് പേര്‍. ശ്രീജിത്ത് രവി അവതരിപ്പിച്ച അയ്യരും കോട്ടയം നസീറിന്റെ സൈമണും രമേഷിന്റെ അബുവും മരിയയുടെ ബെല്ലയും. സാമൂഹ്യതിന്മകളാലും വ്യത്യസ്‍തതലത്തിലുള്ള പ്രതിബോധങ്ങളാലും നയിക്കപ്പെടുന്ന ഭരണകൂട വക്താക്കള്‍. അതിനിടയില്‍ വലിയ പുസ്‍തകം വായിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മയമില്ലാത്ത കണ്ണുകള്‍. ഭീതിയുടെ അന്തരീക്ഷമാണ് കഥയിലാകെ. നമ്മളെ അതിജീവനത്തിന് പോലും അശക്തരാക്കുന്ന തടവറയിലേക്ക് നയിക്കും ലാ ടൊമാറ്റിന.

മോണോലോഗുകള്‍ക്കെതിരായ സമരം

ലോകമെങ്ങും വംശീയതയും ഏകാധിപത്യവും അപകടകരമായ വിധം രാഷ്ട്രതന്ത്രങ്ങളില്‍ കടന്നുകൂടിക്കൊണ്ടിരിക്കുന്ന കാലമാണ്. നമ്മുടെ രാജ്യത്തും സമാനമായി ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്ന കാലം. ഭരണകൂടം പൗരരോട് റേഡിയോ പോലെ സംസാരിച്ചുകൊണ്ടിരിക്കുന്ന കാലം. തിരിച്ച് അവരുടെ ശബ്‍ദത്തെ മതവും രാജ്യദ്രോഹനിയമങ്ങളും നിശ്ശബ്‍ദമാക്കും. ഏകമുഖമുള്ള മോണോലോഗുകള്‍ക്കെതിരായ ശബ്‍ദം കൂടിയാണ് ലാ ടൊമാറ്റിന.

കുമ്പസാരത്തിനായുള്ള നിര്‍ബന്ധങ്ങളുടെ ദുരിതപര്‍വ്വമാണ് ജോയ്‍ മാത്യുവിന്റെ കഥാപാത്രത്തെ വരവേറ്റത്. ആ തടവറയില്‍ അയാള്‍ ബന്ധനത്തിലാക്കപ്പെട്ടതിന് ശേഷം ഓരോ തവണയും അവര്‍ വരും. കുറ്റസമ്മതത്തിനായുള്ള ഉത്തരവുകളുമായി. സ്വാതന്ത്ര്യം തന്നെ കുറ്റമായി കാണുന്നവരോട് എന്തുപറയാനാണ് എന്ന ഭാവത്തില്‍ അയാളും. കുറ്റസമ്മതപ്രേരണകള്‍ക്കിടയില്‍, അയ്യരുടെ വര്‍ത്തമാനം കേട്ടുകേട്ട് ജോയ്‍ മാത്യുവിന്റെ കഥാപാത്രം പറയുന്നുണ്ട് 'നമുക്ക് മോണോലോഗുകള്‍ വേണ്ട, ഡയലോഗുകള്‍ മതി. 'പ്രതിഷേധിക്കുന്നവരെ അര്‍ബന്‍ നക്‌സലുകളായി മുദ്രകുത്തപ്പെടുന്ന കാലത്ത് അയാളുടെ മേലും ആ ചാപ്പ കുത്തുന്നുണ്ട്.  ചാനലായ ചാനലുകളിലൂടെ നാടാകെ അത് പ്രചരിപ്പിക്കുന്നുണ്ട്. ഒടുവില്‍ വായമൂടിക്കെട്ടിയാലും അയാള്‍ ശബ്‍ദിച്ചുകൊണ്ടിരിക്കുമെന്ന തിരിച്ചറിവില്‍ അയാളെ അവസാനിപ്പിക്കാനുള്ള തന്ത്രങ്ങളിലേക്ക് അവരെത്തി.

Joy Mathew starrer new film La Tomatina review T Arun Kumar hrk

സിനിമയുടെ രസതന്ത്രം

ഭരണകൂട ഭീകരത മനുഷ്യനെ എത്രത്തോളം അനാഥനാക്കി മാറ്റും എന്നതിന്റെ പൂര്‍ണമായ ആവിഷ്‌കാരമാണ് ലാ ടൊമാറ്റിന. പലപ്പോഴും ഒരു ത്രില്ലറിന്റെ സ്വഭാവത്തിലേക്ക് ചിത്രം നയിക്കപ്പെടുന്നുണ്ടെങ്കിലും ചടുലതയുടെ അഭാവം ആസ്വാദകനെ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ തൊട്ടടുത്ത നിമിഷം സംഭവിക്കാനിരിക്കുന്നതിനെ കുറിച്ചുള്ള ഭീതി നമ്മെ വീണ്ടും ഉണര്‍ത്തും. സിനിമയില്‍ ജോയ് മാത്യുവിന്റെ കഥാപാത്രത്തിനൊപ്പം ഒരു പൂച്ച സഞ്ചരിക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ആ പൂച്ചയെ പോലെയാണ് നമ്മള്‍ കാണികളും. ഇരയ്‌ക്കൊപ്പം ഓരോ പൗരനും ഇല്ലാതാക്കപ്പെടുമോ എന്ന ഭീതിയിലേക്ക് നമ്മെ ഉണര്‍ത്തുന്ന പൂച്ച. ശ്രീജിത് രവിയുടെ അസാധാരണമായ അഭിനയ മികവ് പ്രകടിതമായ കഥാപാത്രമാണ് അയ്യര്‍. ജോയ് മാത്യുവിന്റെ നായകകഥാപാത്രവും കോട്ടയം നസീറിന്റെ ക്രൂരതയുറങ്ങുന്ന കണ്ണുകളും നമ്മളെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. പുതുമുഖങ്ങളായ മറ്റ് മൂന്ന് അഭിനേതാക്കളും പരിചിതമായ നിലയില്‍ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പൗരനെ മുന്നോട്ട് നയിക്കും വിധം എപ്പോഴും കാലം ആവശ്യപ്പെടുന്ന കുറേ ഇടപെടലുകള്‍ രൂപപ്പെടും. അത്തരം ഇടപെടലുകളുടെ മാധ്യമരൂപമായി ലാ ടൊമാറ്റിന മാറുകയാണ്. കേരളത്തിന്റെയോ ഇന്ത്യയുടെയോ അന്തരീക്ഷത്തില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ പ്രാദേശികമായ അതിരുകളില്‍ ഒതുക്കാതെ പറയാന്‍ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായി. അങ്ങനെ ലാ ടോമാറ്റിന, ഒരു അന്താരാഷ്ട്ര സിനിമയായി അവതരിക്കുന്നു.

Read More: ബോക്സ് ഓഫീസ് കിംഗ് മോഹൻലാലോ മമ്മൂട്ടിയോ?, 23 വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios