Asianet News MalayalamAsianet News Malayalam

Bheeshma Parvam : 'ബാഡ്' അല്ല, '13 എ ഡി'; അമല്‍ നീരദിന്‍റെ ട്രിബ്യൂട്ട് കൊച്ചിയിലെ പഴയ റോക്ക് ബാന്‍ഡിന്

എണ്‍പതുകളിലും തൊണ്ണൂറുകളിലും രാജ്യമാകെ പ്രശസ്‍തി നേടിയ കൊച്ചി റോക്ക് ബാന്‍ഡ്

13 ad reference bheeshma parvam parudeesa song amal neerad mammootty sushin shyam
Author
Thiruvananthapuram, First Published Feb 20, 2022, 4:10 PM IST

'കൊച്ചി പഴയ കൊച്ചിയല്ല' എന്ന ചെറു ഡയലോഗ് മാത്രം  മതി ബിഗ് ബി എന്ന മമ്മൂട്ടി (Mammooty) ചിത്രം ഓര്‍മ്മയിലെത്താന്‍. അമല്‍ നീരദിന്‍റെ (Amal Neerad) സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയായിരുന്നു. ഇപ്പോഴിതാ 15 വര്‍ഷത്തിനു ശേഷം വീണ്ടും അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിക്കുന്ന ഭീഷ്മ പര്‍വ്വം (Bheeshma Parvam) എത്തുമ്പോള്‍ അതിന്‍റെയും പ്രധാന ലൊക്കേഷന്‍ കൊച്ചിയാണ്. പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഒരു കാലത്തെ കൊച്ചി നഗരത്തിന്‍റെ കാഴ്ച കൂടിയായിരിക്കും. ഇപ്പോഴിതാ ചിത്രത്തിലെ ഇന്നലെ പുറത്തെത്തിയ വീഡിയോ ഗാനത്തിലെ ഒരു പഴയ കൊച്ചി കണക്ഷനും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

സുഷിന്‍ ശ്യാമിന്‍റെ (Sushin Shyam) സംഗീതത്തില്‍ ശ്രീനാഥ് ഭാസി ആലപിച്ച പറുദീസ എന്ന ഗാനം (Parudeesa Song) ഇന്നലെയാണ് പുറത്തെത്തിയത്. സംഗീത പ്രമികള്‍ക്കിടയില്‍ ഇന്‍സ്റ്റന്‍റ് ഹിറ്റ് ആയ ഗാനത്തിന്‍റെ വീഡിയോയില്‍ സൗബിന്‍ ഷാഹിറിന്‍റെ കഥാപാത്രം ഉറ്റുനോക്കുന്ന ഒരു ഗ്രാഫിറ്റിയുണ്ട്. ഒറ്റനോട്ടത്തില്‍ 'BAD' എന്നു വായിക്കുന്ന ഗ്രാഫിറ്റി പക്ഷേ യഥാര്‍ഥത്തില്‍ '13 AD' എന്നാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും രാജ്യമാകെ പ്രശസ്തമായിരുന്ന, കൊച്ചിയില്‍ നിന്നുള്ള റോക്ക് ബാന്‍ഡിന്‍റെ പേരാണ് അത്.

13 ad reference bheeshma parvam parudeesa song amal neerad mammootty sushin shyam

 

1977ല്‍ രൂപീകരിക്കപ്പെട്ട ബാന്‍ഡ് പ്രധാനമായും അഞ്ച് പേര്‍ അടങ്ങുന്ന ഒരു സംഘമായിരുന്നു. എലോയ് ഐസക്സ്, ഗ്ലെന്‍ ല റിവെ, പോള്‍ കെ ജെ, പിന്‍സണ്‍ കൊറൈറ, ജാക്സണ്‍ അറൂജ എന്നിവരായിരുന്നു ആ അഞ്ചംഗ സംഘം. സ്ത്രീ ശബ്ദമായി സുനിത മേനോനും പലപ്പോഴും അവര്‍ക്കൊപ്പമുണ്ടായിരുന്നു. കൊച്ചിയിലെ സീലോര്‍ഡ് ഹോട്ടല്‍ ആയിരുന്നു ബാന്‍ഡ് പെര്‍ഫോം ചെയ്തിരുന്ന പ്രധാന ഇടങ്ങളില്‍ ഒന്ന്. 1990ല്‍ ആണ് ഇവരുടെ ആദ്യ ആല്‍ബമായ ഗ്രൗണ്ട് സീറോ പുറത്തെത്തുന്നത്. റോക്ക് സംഗീത പ്രേമികള്‍ക്കിടയില്‍ തരംഗം തീര്‍ത്ത ആ ആല്‍ബത്തിന്‍റെ കാസറ്റുകള്‍ 40,000ല്‍ ഏറെയാണ് രാജ്യമൊട്ടാകെ വിറ്റുപോയത്. 1993ല്‍ ടഫ് ഓണ്‍ ദ് സ്ട്രീറ്റ്സ് എന്ന രണ്ടാമത്തെ ആല്‍ബവും പുറത്തെത്തി. പ്രൊഡക്ഷന്‍ നിലവാരത്തില്‍ ആദ്യ ആല്‍ബത്തേക്കാള്‍ മികച്ചുനിന്ന ടഫ് ഓണ്‍ ദ് സ്ട്രീറ്റ്സ് പക്ഷേ വില്‍പ്പനയില്‍ അത്രത്തോളം എത്തിയില്ല. പക്ഷേ മൂന്ന് വര്‍ഷ കാലയളവില്‍ രണ്ട് ആല്‍ബങ്ങള്‍ പുറത്തിറക്കിയ ഈ ബാന്‍ഡ് രാജ്യത്തെ റോക്ക് സംഗീത മേഖലയില്‍ ശ്രദ്ധാകേന്ദ്രങ്ങളായി. റോക്ക് മെഷീന്‍ (ഇന്‍ഡസ് ക്രീഡ്), ബോംബെ ആന്‍ഡ് ശിവ എന്നീ ബാന്‍ഡുകള്‍ കഴിഞ്ഞാല്‍ അക്കാലത്ത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാന ബാന്‍ഡ് ആയും 13 എഡി വിലയിരുത്തപ്പെട്ടു. 

ഗ്ലെന്‍ ല റിവെ സംഗീത ജീവിതം ഉപേക്ഷിച്ച് ആത്മീയപാതയിലേക്ക് പോയതോടെ പകരക്കാരനായി എത്തിയത് ജോര്‍ജ് പീറ്റര്‍ ആണ്. തുടര്‍ന്നും ഇന്ത്യയൊട്ടാകെയുള്ള വേദികളില്‍ 13 എഡി സംഗീതനിശകള്‍ അവതരിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്ത് മസ്കറ്റിലും 13 എഡിയുടെ പരിപാടി നടന്നു. എന്നാല്‍ ടഫ് ഓണ്‍ ദ് സ്ട്രീറ്റ്സിനു ശേഷം 13 എഡിയുടേതായി ആല്‍ബങ്ങളൊന്നും പുറത്തെത്തിയില്ല. അഞ്ചംഗ സംഘം 2008ല്‍ ഒരുമിച്ച് കൂടിയ വേദിയില്‍ ഒരു പുതിയ ദ്വിഭാഷാ ആല്‍ബത്തിന്‍റെ ചിന്ത പങ്കുവച്ചിരുന്നു. എന്നാല്‍ അത് ഇനിയും പുറത്തെത്തിയിട്ടില്ല.

Follow Us:
Download App:
  • android
  • ios