ഓരോ പ്രേക്ഷകന്റെയും കണ്ണിനെ ഈറനണിയിച്ച ടൈറ്റിൽ ഗാനം.
ചില പാട്ടുകളങ്ങനെയാണ്, പ്രേക്ഷകന്റെ ഉള്ളുനിറയ്ക്കും. അറിയാതെ നാം ആ ഗാനത്തിലലിഞ്ഞ് ചേരും. കണ്ണും മനവും ഒരുപോലെ നിറയും. അത്തരത്തിലുള്ള നിരവധി ഗാനങ്ങൾ മലയാള സിനിമയിലൂടെ മലയാളികൾക്ക് ലഭിച്ചിട്ടുമുണ്ട്. അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് തുടരും എന്ന തരുൺ മൂർത്തി പടത്തിലെ കഥ തുടരും എന്ന ഗാനം. ടൈറ്റിൽ സോംഗ് ആയിരുന്നു ഇത്. ഓരോ മോഹൻലാൽ ആരാധകന്റെയും കണ്ണിനെ ഈറനണിയിച്ച ഈ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.
ഓരോ പ്രേക്ഷകന്റെയും കണ്ണിനെ ഈറനണിയിച്ച ഈ ടൈറ്റിൽ ഗാനം ആലപിച്ചിരിക്കുന്നത് ഗോകുൽ ഗോപകുമാർ ആണ്. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9ലെ ഫൈനലിസ്റ്റായിരുന്നു ഗോകുൽ. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ബി കെ ഹരിനാരായണന്റേതാണ് വരികൾ.
ഏപ്രില്‍ 25ന് റിലീസ് ചെയ്ത ചിത്രമാണ് തുടരും. മോഹന്‍ലാലിന്‍റെ കരിയറിലെ 360മത് ചിത്രത്തില്‍ ശോഭന ആയിരുന്നു നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തിയത്. ഫാമിലി എന്‍റര്‍ടെയ്നര്‍ ജോണറിലെത്തിയ ചിത്രത്തില്‍ ഷണ്‍മുഖന്‍ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

റിലീസ് ചെയ്ത് ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ തുടരും ബോക്സ് ഓഫീസില്‍ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ 100 കോടി നേടിയ ചിത്രത്തിന്‍റെ നിലവിലെ ആഗോള കളക്ഷന്‍ 200 കോടിയോളമാണ്. കേരളത്തില്‍ നിന്നുമാത്രം സിനിമ 100 കോടി കളക്ട് ചെയ്തിട്ടുണ്ട്.


