സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം നല്‍കിയ പുതിയ ആല്‍ബം 'കഥകള്‍ ചൊല്ലിടാം' ശ്രദ്ധ നേടുന്നു. വിനീത് ശ്രീനിവാസന്‍ വരികളെഴുതി പാടിയ ആല്‍ബം, ഹിഷാം അബ്ദുല്‍ വഹാബാണ് മിക്സിങ്ങും അറേഞ്ച്മെന്‍റും ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും അവരുടെ കുടുംബവുമാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഗാനത്തിന്റെ എഡിറ്റിങ്ങും സംവിധാനവും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. വായു, വെളിച്ചം, വെള്ളം, ഭൂമി എന്നിങ്ങനെ നാല് ഭാഗങ്ങളായി നാല് അച്ഛന്മാരെയും മക്കളെയും വീഡിയോയില്‍ കാണിച്ചിരിക്കുന്നു. പ്രപഞ്ചത്തില്‍ കുഞ്ചാക്കോ ബോബനും വായുവില്‍ വിനീത് ശ്രീനിവാസനും വെളിച്ചത്തില്‍ കൃഷ്ണ ശങ്കര്‍, വെള്ളത്തില്‍ വിനയ് ഫോര്‍ട്ട്, ഭൂമിയില്‍ ഷറഫുദ്ദീനുമാണ് അഭിനയിച്ചിരിക്കുന്നത്.

പ്രേമത്തിന് ശേഷം തന്‍റെ അടുത്ത സിനിമയായ, പാട്ട് -എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അല്‍ഫോണ്‍സ് പുത്രന്‍. ചിത്രത്തിന്‍റെ സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് അല്‍ഫോണ്‍സ് തന്നെയാണ്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുക. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.