റിലീസ് ചെയ്ത് ആദ്യവാരത്തിൽ തന്നെ 20 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും(Tinu Pappachan) ആന്‍റണി വര്‍ഗീസും(Antony Varghese) ഒരുമിച്ച ചിത്രമാണ് അജഗജാന്തരം(Ajagajantharam). മികച്ച പ്രതികരണം നേടി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റീലീസിനു മുൻപ് വന്ന 'ഓളുള്ളേരു' എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ​ഗാനം. 

ഗാനത്തിന് ഒരു കോടി കാഴ്ച്ചക്കാർ കഴിഞ്ഞിരിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ക്രിസ്തുമസ് ആഘോഷങ്ങൾക്കും സ്കൂൾ കോളേജുകളിലും പാട്ടു തരംഗമായി മാറിയിരിക്കുകയാണ്. പാട്ടിന്റെ വിജയം പങ്കുവച്ച് ആന്റണി വർഗീസും എത്തി."ആൾക്കൂട്ടങ്ങളും, ക്യാമ്പസുകളും, തിയറ്ററുകളും കടന്ന് 'ഒള്ളുള്ളേരു' ആഘോഷങ്ങളുടെ ഭാഗമാകുന്നു! ഗാനത്തിന്‌ ഒരുകോടി യുട്യൂബ്‌ കാഴ്ചക്കാർ!" എന്നാണ് ആന്റണി വർഗീസ് കുറിച്ചത്. 

ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈ ദാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രശസ്‍ത നാടന്‍പാട്ട് ഗായിക പ്രസീത ചാലക്കുടിയാണ് ഗാനം ആലപിച്ചത്. ഹിന്‍ഷ ഹിലരി, ഹിംന ഹിലരി എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതായി വാദ്യം. 

അതേസമയം, റിലീസ് ചെയ്ത് ആദ്യവാരത്തിൽ തന്നെ 20 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. കേരളത്തിനു പുറമെ യുഎഇ, ജിസിസി മേഖലയിലും മികച്ച തിയറ്റര്‍ കൗണ്ട് ആയിരുന്നു ചിത്രത്തിന്. കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയതിന് തൊട്ടുപിറ്റേന്നാണ് ഗള്‍ഫില്‍ ചിത്രം പ്രദര്‍ശനമാരംഭിച്ചത്.

അർജുൻ അശോകന്‍, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബുമോൻ അബ്‍ദുസമദ്, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നുള്ള 24 മണിക്കൂറിൽ അവിടെ നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങൾ നർമ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. സിൽവർ ബേ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ്.