'തേരാ പാര' എന്ന വെബ് സിരീസിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ സംഘമാണ് 'കരിക്ക്'. ഇപ്പോഴിതാ പാട്ടുകള്‍ക്കുവേണ്ടി യുട്യൂബില്‍ ഒരു പുതിയ ചാനല്‍ ആരംഭിച്ചിരിക്കുകയാണ് അവര്‍. 'കരിക്ക് ട്യൂണ്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ ആദ്യ മ്യൂസിക് വീഡിയോ പ്രൊഡക്ഷന്‍ പുറത്തെത്തി.

'അരികേ വാ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറും സംഗീതം പകര്‍ന്നിരിക്കുന്നത് പി എസ് ജയഹരിയുമാണ്. ആന്‍ ആമി പാടിയിരിക്കുന്നു. വീഡിയോയില്‍ കാമുകീകാമുകന്മാരായി എത്തിയിരിക്കുന്നത് ശിഖ സന്തോഷും ശബരീഷ് സജിനുമാണ്. 'തേരാ പാര'യിലെ ലോലന്‍ എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരുള്ള അഭിനേതാവാണ് ശബരീഷ്. 

ഷിഹാസ് ഷാഹുലാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം സുനില്‍ കാര്‍ത്തികേയന്‍. എഡിറ്റിംഗ് രാജ്കുമാര്‍. കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നതും ശിഖ സന്തോഷ് തന്നെ.