ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ സിനിമയാണ് സൂപ്പര്‍ 30. ചിത്രത്തിലെ  ഗാനരംഗത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.  ബസന്തി നോ ഡാൻസ് എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്.

ഹൃത്വിക് റോഷനല്ല ഗാനരംഗത്ത് നൃത്തം ചവിട്ടുന്നത്. വിദ്യാര്‍ഥികളാണ് ഗാനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ മടിയുള്ള വിദ്യാര്‍ഥികള്‍ അതിനുള്ള ഊര്‍ജ്ജം സംഭരിക്കുന്നതായിട്ടാണ് വീഡിയോയില്‍ സൂചിപ്പിക്കുന്നത്. ഹിന്ദിയും ഇംഗ്ലീഷും ഇടകലരുന്നതാണ് വരികളും. അമിതാഭ് ഭട്ടാചാര്യ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. അജയ്- അതുല്‍ ടീം ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ അഭിനയിക്കുന്നത്.    സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. സിനിമയിലും ആനന്ദ് കുമാറിന്റെ ജീവിതം തന്നെയാണ് പറയുന്നത്. ചിത്രം ജൂലൈ 12നായിരിക്കും റിലീസ് ചെയ്യുക. ഹൃത്വിക് റോഷൻ മികച്ച അഭിനയമാണ് ചിത്രത്തില്‍ നടത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൃണാല്‍ ആണ് ചിത്രത്തിലെ നായിക. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.