പ്രണയം അനശ്വരമാണെന്ന് ഒരിക്കൽ കൂടി ഓര്‍മിപ്പിക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ. പ്രിയപ്പെട്ടവർ വേർപിരിഞ്ഞുപോയാലും അവരുടെ ഓർമ്മകൾ ഒരലയായി മനസ്സിനെയെന്നും തഴുകികൊണ്ടേയിരിക്കും. ഇരുവരും തമ്മിലുള്ള പ്രണയം പരിശുദ്ധമാണെങ്കിൽ പ്രിയപ്പെട്ടവളുടെ അസാന്നിധ്യത്തിൽ പോലും ഏറെ നൊമ്പരങ്ങൾക്കിടയിലും സാന്ത്വനത്തിന്റെ തലോടലായി ആ ഓർമകൾ നമ്മെ തേടി എത്തും.

പ്രണയത്തിന്റെ 17 വർഷം പൂർത്തിയാക്കുമ്പോൾ ഭാര്യ ശാന്തിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ബിജിബാൽ. ‘അമലേ, നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾമറവിയ്ക്കും മായ്ക്കുവാനാമോ..ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് 17 വർഷം’, ശാന്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്കൊണ്ട് ബിജിപാൽ കുറിച്ചു.

മുന്‍പും സാമൂഹ്യമാധ്യമങ്ങളിൽ ഭാര്യയുടെ ഓർമ്മകൾ ബിജിബാൽ പങ്കുവച്ചിരുന്നു. 'പുഞ്ചിരിപ്പാല്', 'എവിടെയും കൂടെ എന്റെ പുഞ്ചിരിപ്പെണ്ണ്', 'ഹൃദയാഭിരാമി', 'നിറങ്ങൾ തൻ നൃത്തം' തുടങ്ങിയ കുറിപ്പോടെയാണ് ശാന്തിയുടെ വീഡിയോകളും ചിത്രങ്ങളും ബിജിബാൽ പങ്കുവച്ചത്.  ബിജിബാല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ച പോസ്റ്റുകളില്‍ പകുതിയിലേറെയും ശാന്തിയെക്കുറിച്ചുള്ള ഓർമ്മകളാണ്. 

2017-ലാണ് ബിജിബാലിന്റെ ഭാര്യയും നർത്തകിയുമായ ശാന്തി മസ്തിഷ്ക സംബന്ധമായ അസുഖം മൂലം നിര്യാതയായത്. ശാന്തിയുടെ പെട്ടെന്നുളള മരണം എല്ലാവർക്കും വലിയ ഞെട്ടലായിരുന്നു. രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ ശാന്തി ചിട്ടപ്പെടുത്തിയ നൃത്തം ഏറെ ശ്രദ്ധ‌ നേടിയിരുന്നു.2002 ജനുവരി 21നായിരുന്നു ബിജിബാലിന്റേയും ശാന്തിയുടേയും വിവാഹം. ദയ ബിജിബാൽ, ദേവദത്ത് എന്നിവരാണ് മക്കൾ.