ആറാം തീയതിയാണ് ചിത്രം എത്തിയത്

റീ റിലീസ് ആയി വന്ന് തരംഗം തീര്‍ക്കുകയാണ് അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ. 18 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം തിയറ്ററുകളിലെത്തിയപ്പോള്‍ ആദ്യ റിലീസില്‍ ബിഗ് സ്ക്രീനില്‍ കാണാന്‍ സാധിക്കാതിരുന്ന തലമുറയാണ് പ്രധാനമായും തിയറ്ററുകളില്‍ എത്തിയത്. സിനിമകളിലെ ഗാനത്തിനൊപ്പം തിയറ്ററില്‍ പ്രേക്ഷകര്‍ നൃത്തം ചെയ്യുന്ന രംഗങ്ങള്‍ കേരളത്തില്‍ വളരെ അപൂര്‍വ്വമാണ്. എന്നാല്‍ അതാണ് ഛോട്ടാ മുംബൈ റീ റിലീസ് ചെയ്ത പല തിയറ്ററുകളിലും നടക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

വാസ്കോ ഡ ഗാമ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വയലാന്‍ ശരത് ചന്ദ്ര വര്‍മ്മയാണ്. രാഹുല്‍ രാജിന്‍റേതാണ് സംഗീതം. അഫ്സലും റിമി ടോമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 4 കെ മിഴിവോടെയാണ് സത്യം വീഡിയോസിന്‍റെ യുട്യൂബ് ചാനലില്‍ ഗാനം ഇപ്പോള്‍ എത്തിയിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നാണ്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Vasco Da Gama | Video Song | Chotta Mumbai | Mohanlal | Bhavana | Siddique | Jagathy | Indrajith