Asianet News MalayalamAsianet News Malayalam

Bro Daddy : 'ലാലേട്ടന്റെ കുറുമ്പും ശ്രീക്കുട്ടൻ ചേട്ടന്റെ ശബ്ദവും'; ബ്രോ ഡാഡി ​ഗാനത്തെ കുറിച്ച് ദീപക് ദേവ്

വിനീത് ശ്രീനിവാസനും എംജി ശ്രീകുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

deepak dev talk about mohanlal movie bro daddy
Author
Kochi, First Published Jan 13, 2022, 8:40 AM IST

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ബ്രോ ഡാഡി(Bro Daddy). ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്(Prithviraj)  സംവിധാനം ചെയ്യുന്നുവെന്നതാണ് ചിത്രത്തിന്‍റെ ഒരു പ്രധാന ആകർഷണം.  ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ​ഗാനത്തെ കുറിച്ച് സം​ഗീത സംവിധായകൻ ദീപക് ദേവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

വിനീത് ശ്രീനിവാസനും എംജി ശ്രീകുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദ്യം വിനീതിനെ മാത്രമായിരുന്നു മനസ്സിൽ കണ്ടത്. എന്നാൽ മോഹൻലാലിനൊപ്പം എംജി ശ്രീകുമാറും ഒന്നിക്കുന്നത് കേൾക്കാൻ പ്രേക്ഷകർക്ക് ഇഷ്ടമാണ്. അതിനാൽ താരത്തിന്റെ ഭാഗങ്ങൾ എംജി ശ്രീകുമാർ ആലപിച്ചു എന്നും ദീപക് ദേവ് പറയുന്നു. 

ദീപക് ദേവിന്റെ വാക്കുകൾ

ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്തു ലാലേട്ടൻ നായകനായ രണ്ടാമത്തെ പടം ബ്രോ ഡാഡിയുടെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷം. ഈ പടത്തിന്റെ സ്ക്രിപ്പ്റ്റ് തന്നെ ഒരു ഫൺ ഫിൽഡ് സ്ക്രിപ്പ്റ്റ് ആണ്. ഫാമിലി എന്റർടെയ്നർ ആണ്. അതുകൊണ്ട് തന്നെ ശാന്തതയോടെ കേൾക്കാൻ പറ്റുന്ന പാട്ടുകൾ വേണമെന്നാണ് പൃഥ്വി പറഞ്ഞത്. ലൂസിഫറിൽ നിന്നും തീർത്തും വിപരീതമായി ഒരു കുഞ്ഞിപടം എന്നും പറഞ്ഞാണ് വന്നത്. ആശിർവാദ് നിർമ്മിക്കുമ്പോൾ അത്ര കുഞ്ഞാവില്ല എന്ന് നമുക്ക് അറിയാമായിരുന്നു. എന്നാലും അത് മനസ്സിൽ വെച്ചാണ് ഗാനങ്ങൾ ഒരുക്കിയത്. സിനിമയിൽ മൊത്തം മൂന്ന് പാട്ടുകളാണ്. നാലാമതൊരു ഗാനം എൻഡ് ടൈറ്റിൽസിൽ ഉണ്ട്. 'പറയാതെ വയ്യെൻ ജീവൻ' എന്നാണ് ആദ്യഗാനം. വിനീത് ശ്രീനിവാസനും എംജി ശ്രീകുമാറും ആണ് ഗാനം പാടിയിരിക്കുന്നത്. ശരിക്കും അതിൽ ശ്രീക്കുട്ടൻ ചേട്ടൻ ഇല്ലായിരുന്നു. ലാലേട്ടൻ സ്‌ക്രീനിൽ വരുമ്പോൾ ലാലേട്ടന്റെ കുറുമ്പും ശ്രീക്കുട്ടൻ ചേട്ടന്റെ ശബ്ദവും ഉള്ള ഒരു കോംബോ എല്ലാവരും എല്ലാ കാലവും കാണാൻ കൊതിക്കുന്നതാണ് എന്ന് അറിയാവുന്നത് കൊണ്ട് രണ്ടു ഗായകരെ കൊണ്ട് പാടിച്ചു. ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്മിയാണ് വരികൾ എഴുതിയത്. പൃഥ്വി വരുന്ന ഭാഗങ്ങളിൽ വിനീതും ലാലേട്ടൻ വരുന്ന ഭാഗങ്ങളിൽ ശ്രീക്കുട്ടൻ ചേട്ടനും പാടി. ഈ പാട്ടാണ് സിനിമയിൽ ആദ്യമായി ഒരുക്കിയത്. 

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Follow Us:
Download App:
  • android
  • ios