Asianet News MalayalamAsianet News Malayalam

പത്മരാജന്‍റെ ഓര്‍മ്മയ്ക്ക്..; 'ദേവാംഗണങ്ങളുടെ' കവറുമായി നിരഞ്ജന

പത്മരാജന്‍റെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് ഈ ഗാനത്തിന് ഒരു കവര്‍ വെര്‍ഷനുമായി എത്തിയിരിക്കുകയാണ് ഗായിക നിരഞ്ജന എസ്. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ മകളാണ് നിരഞ്ജന.

devanganangal cover song by niranjana s
Author
Thiruvananthapuram, First Published Jan 24, 2021, 11:49 AM IST

അവതരിപ്പിച്ച ജീവിതചിത്രങ്ങള്‍ കൊണ്ടു മാത്രമല്ല, സംഗീതം കൊണ്ടും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നവയാണ് പത്മരാജന്‍ സിനിമകള്‍. ജോണ്‍സണും ഇളയരാജയും പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥും തുടങ്ങി നിരവധി പ്രതിഭകള്‍ പത്മരാജനുവേണ്ടി മലയാളികള്‍ ഇന്നും മൂളിനടക്കുന്ന ഈണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഗാനമാണ് അദ്ദേഹത്തിന്‍റെ അവസാനചിത്രമായിരുന്ന 'ഞാന്‍ ഗന്ധര്‍വ്വനി'ലെ 'ദേവാംഗണങ്ങള്‍' എന്നുതുടങ്ങുന്ന ഗാനം. ഇപ്പോഴിതാ പത്മരാജന്‍റെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് ഈ ഗാനത്തിന് ഒരു കവര്‍ വെര്‍ഷനുമായി എത്തിയിരിക്കുകയാണ് യുവഗായിക നിരഞ്ജന എസ്. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ മകളാണ് നിരഞ്ജന.

നടന്‍ റിയാസ് ഖാന്‍ ആണ് കവര്‍ സോംഗിന്‍റെ വിഷ്വലൈസേഷന്‍ നടത്തിയിരിക്കുന്നത്. ഛായാഗ്രഹണം രാഹുല്‍ പുനലൂര്‍. എഡിറ്റിംഗ് നിയാസ് ഖാന്‍. പി ശ്രീരാമകൃഷ്ണന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഗാനം അവതരിപ്പിച്ചത്. "ഇന്ന് പത്മരാജൻ സ്മരണ ദിനം. തുടക്കക്കാരിയുടെ കുറവുകളുണ്ടാകാമെങ്കിലും എന്‍റെ മകൾ അമ്മു (നിരഞ്ജന) വിന്‍റെ ഈ ഗാനാർച്ചന പദ്‍മരാജന്‍റെ സ്മരണകൾക്കു മുമ്പിൽ സമർപ്പിക്കുന്നു. ഇതിന്‍റെ ദൃശ്യാവിഷ്കാരം നടത്തിയത് എന്‍റെ സുഹൃത്തും സിനിമാ നടനുമായ റിയാസ് ഹസ്സൻ (ആകാശഗംഗ ഫെയിം) ആണ്. ഓരോ മഴത്തുള്ളിയും കഥാഖ്യാനത്തിന്‍റെ ഭാഗമാകുന്ന  ദൃശ്യ മാസ്മരികത മലയാളി അനുഭവിക്കുകയായിരുന്നു പദ്മരാജൻ സിനിമകളിൽ. മുത്തശ്ശിക്കഥയിലെ കെട്ടുകഥ സുന്ദരമായ പ്രണയശില്പമായി മാറി. കണ്ട ഓരോരുത്തരുടെയും മനസ്സിൽ ഒരു ഗന്ധർവ പ്രതിമ കൊണ്ടിടുന്ന പ്രതിഭയുടെ തിരക്കൈകൾ. കൈതപ്രത്തിന്‍റെ വരികൾക്ക് ജോൺസൺ മാഷിന്‍റെ സംഗീതം കൂടി ആയപ്പോൾ മൻമഥൻ കൊടിയേറുന്ന ചന്ദ്രോത്സവമായി. ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകങ്ങൾ ഗാനഗന്ധർവന്‍റെ ആലാപനത്തിലൂടെ ഭൂമിയിലെ പ്രണയാർദ്ര മനസ്സുകളിൽ വിലോല മേഘമായ് മാറി. "ഞാൻ ഗന്ധർവനി"ലെ ആ ഗാനമോർക്കാതെ പദ്‍മരാജന്‍റെ സ്മൃതി പൂർണമാകില്ല. ചിത്രശലഭമായി വന്ന് ആ ചലച്ചിത്ര ഗന്ധർവൻ ഭൂമിയിലീ പാട്ട് ആളുകൾ ഏറ്റു പാടുന്നത് കേൾക്കുന്നുണ്ടാകാം. കേവല കല്പനയാകാം, പദ്മരാജനെ കുറിച്ച് സംസാരിക്കുമ്പോൾ ആരും കാല്പനികനാവുമെന്നതാണ് സത്യം", ശ്രീരാമകൃഷ്ണന്‍ കുറിച്ചു.

Follow Us:
Download App:
  • android
  • ios