തിയറ്ററില്‍ പരാജയമായ ചിത്രം

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് നിരവധി ബിഗ് സ്ക്രീന്‍ അനുഭവങ്ങള്‍ പകര്‍ന്നിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. ഗാന രംഗങ്ങളുടെ ചിത്രീകരണത്തിലും അദ്ദേഹം എപ്പോഴും വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രം ഗെയിം ചേഞ്ചറിലും അത് അങ്ങനെതന്നെ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

ജരഗണ്ഡി എന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. അനന്ത ശ്രീറാം വരികള്‍ എഴുതിയ ​ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് തമന്‍ എസ് ആണ്. ദലേര്‍ മെഹന്ദിയും സുനിധി ചൗഹാനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 400 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ മ്യൂസിക് ബജറ്റ് ചിത്രത്തിന്‍റെ റിലീസ് സമയത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തിലെ നാല് ​ഗാനങ്ങള്‍ക്കായി 75 കോടിയാണ് ചെലവായത്. ഇതില്‍ ജ​ഗരണ്ടിയുടെ ചിത്രീകരണത്തിനായി 600 നര്‍ത്തകരാണ് പങ്കെടുത്തത്. പ്രത്യേകം തയ്യാറാക്കിയ വമ്പന്‍ സെറ്റില്‍ 13 ദിവസം കൊണ്ടാണ് ഈ ​ഗാനം ചിത്രീകരിച്ചത്. പ്രഭുദേവയാണ് ഈ ​ഗാനത്തിന്‍റെ കൊറിയോ​ഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. 

രാം ചരണിനെ നായകനാക്കി ഷങ്കര്‍ ഒരുക്കിയ ചിത്രം ജനുവരി 10 നാണ് തിയറ്ററുകളിലെത്തിയത്. തൊട്ടുമുന്‍പ് തന്‍റെ സംവിധാനത്തില്‍ എത്തിയ ഇന്ത്യന്‍ 2 വലിയ പരാജയം ആയിരുന്നതിനാല്‍ ഷങ്കറിനെ സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു ​ഗെയിം ചേഞ്ചര്‍. എന്നാല്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ ഈ ചിത്രവും പരാജയപ്പെടുകയായിരുന്നു. കിയാര അദ്വാനി, അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍, ശുഭലേഖ സുധാകര്‍, നവീന്‍ ചന്ദ്ര, രാജീവ് കനകല, അജയ് രാജ്, വൈഭവ് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : സ്‍കൂള്‍ കാലത്തെ പ്രണയവുമായി 'ഒരു വയനാടൻ പ്രണയകഥ'; ട്രെയ്‍ലര്‍ പുറത്ത്

Jaragandi - Video Song | Game Changer | Ram Charan | Kiara Advani | Shankar | Thaman S