Asianet News MalayalamAsianet News Malayalam

ലൈവ് ഗാനമേളക്കിടെ ശ്രുതിപിഴച്ച ഫ്ലൂട്ടിസ്റ്റിന്റെ സങ്കടംമാറ്റാൻ വേണ്ടി മാത്രം വീണ്ടും പാടിയ എസ്‌പി‌‌ബി

അരുൾമൊഴിയുടെ ആ സങ്കടം, എത്ര ചെറുതാണെങ്കിലും, അപ്പോൾ തന്നെ തീർക്കാതിരുന്നാൽ അദ്ദേഹത്തിന് അതിന്റെ വിഷമം ആയുഷ്‍കാലമുണ്ടാകും എന്ന് 23 ടേക്ക് എടുത്ത് ആ പാട്ട് ജെമിനി സ്റ്റുഡിയോയിൽ വെച്ച് റെക്കോർഡ് ചെയ്ത എസ്‍പിബിക്കറിയാമായിരുന്നു.

Greatness of SP Balasubrahmanyam who sang again for the flutist who missed his pitch during live performance
Author
Chennai, First Published Sep 25, 2020, 4:22 PM IST

'പയനങ്ങൾ മുടിവതില്ലൈ' എന്ന ചിത്രത്തിലെ , 'ഇളയനിലാ പൊഴിഗിറതേ...' എന്ന് തുടങ്ങുന്ന  എസ്‌പി‌‌ബി ഗാനം ഏറെ ശ്രമകരമായ ഒന്നാണ്. ഈ ഗാനത്തിന്റെ ഓർക്കസ്ട്രയിൽ മുന്നിട്ടു നിൽക്കുന്ന രണ്ടു സംഗീതോപകരണങ്ങളുണ്ട്. ഒന്ന്, ഒരു അക്കൗസ്റ്റിക് ഗിത്താർ ആണ്. രണ്ട് പുല്ലാങ്കുഴലും. സി ഷാർപ്പ് മൈനറിൽ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഗാനത്തിന്റെ ഫ്ലമെങ്കോ നോട്ടുകൾ തന്റെ ഗിത്താറിസ്റ്റ്  ആർ ചന്ദ്രശേഖറിനെക്കൊണ്ട് മനസ്സിന് തൃപ്തി വരുമ്പോലെ വായിച്ചെടുപ്പിക്കാൻ അനവധി റീടേക്കുകളാണ് ഇളയരാജ എന്ന സംഗീത സംവിധായകൻ എടുപ്പിച്ചത്.  ഇന്നും ഗിത്താറിസ്റ്റുകളുടെ ഒഡിഷനിൽ പ്ളേ ചെയ്യാൻ പറയുന്ന പ്രയാസമായ പാട്ടുകളിൽ ഒന്ന് ഇളയനിലാ ആണ്. 

ലൈവ് പ്രോഗ്രാമിൽ ഓർക്കസ്ട്രയായി പുല്ലാങ്കുഴലിൽ അകമ്പടി സേവിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.  ഓരോ പാട്ടുകൾക്കും ഓരോ ശ്രുതിയാകും ഉണ്ടാവുക. അപ്പോൾ പാട്ടിനനുസരിച്ച് മാറ്റിമാറ്റിയെടുത്ത് വായിക്കാൻ വെവ്വേറെ ശ്രുതികളിലായി പത്തിരുപത് ഓടക്കുഴൽ വെച്ചിട്ടുണ്ടാകും സാധാരണ പുല്ലാങ്കുഴല്‍ വാദകര്‍ കയ്യിൽ. പാട്ട് ലൈവ് ആയി പൊയ്ക്കൊണ്ടിരിക്കെ താഴെ നിന്ന് എടുക്കുന്ന ഫ്ലൂട്ട് മാറിപ്പോയാൽ, പിന്നെ പ്ളേ ആവുക തെറ്റായ നോട്ട് ആയിപ്പോകും. 

ഒരു ലൈവ് ഗാനമേളക്കിടെ, സ്റ്റേജിൽ വെച്ച്  എസ്പിബിയുടെ ഓർക്കസ്ട്രയുടെ ഭാഗമായ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച പുല്ലാങ്കുഴൽ വാദകരിൽ ഒരാൾ എന്ന് എസ്പിബി തന്നെ വിശേഷിപ്പിക്കുന്ന അരുൾമൊഴി, താഴെ നിന്ന് വായിക്കാന്‍ എടുത്തുപിടിച്ച ഓടക്കുഴൽ അബദ്ധവശാല്‍ മാറിപ്പോയി. കൈയിൽ എടുത്ത ശേഷമാണ് അരുൾമൊഴിക്ക് താൻ എടുത്തുപിടിച്ച ഫ്ലൂട്ട് മാറിപ്പോയി എന്ന് മനസ്സിലായത്. പിന്നെ ക്ഷണനേരം മാത്രമേയുള്ളൂ. ഫ്ലൂട്ട് മാറിയെടുക്കുമ്പോഴേക്കും ബിജിഎം വായിക്കേണ്ട സമയം കഴിയും. എന്നാൽ, കയ്യിലുള്ള ശ്രുതി തെറ്റായ ഫ്ലൂട്ടിൽ അതേ ബിജിഎം വായിച്ചാലോ, നോട്ടുതന്നെ മാറിപ്പോകും, ആകെ അപശ്രുതിയാകും.  അതുകൊണ്ട് അദ്ദേഹം തെറ്റായ ശ്രുതിയിൽ BGM വായിക്കാതെ, ഫ്ലൂട്ടും കയ്യിൽ പിടിച്ച് മിണ്ടാതിരുന്നു. 

വായിക്കേണ്ട ബിജിഎം, അതിന്റെ നേരത്തിനു വായിക്കാതെ മിണ്ടാതിരിക്കേണ്ടി വരിക എന്നത് ഏതൊരു ഓർക്കസ്ട്ര ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളവും വലിയ സങ്കടം ഉണ്ടാക്കുന്ന സംഭവമാണ്. അതേ സങ്കടം അരുൾമൊഴിക്കും ഉണ്ടായി. അങ്ങനെ ഇരിക്കുന്ന അദ്ദേഹത്തെ എസ്‌പി‌‌ബി കണ്ടു. (2.28)

 

 

അരുൾമൊഴിയുടെ ആ സങ്കടം, എത്ര ചെറുതാണെങ്കിലും, അപ്പോൾ തന്നെ തീർക്കാതിരുന്നാൽ അദ്ദേഹത്തിന് അതിന്റെ വിഷമം ആയുഷ്കാലമുണ്ടാകും എന്ന്  ജെമിനി സ്റ്റുഡിയോയിൽ വെച്ച്, തുടര്‍ച്ചയായി 23 ടേക്ക് എടുത്ത്, ഏറെ മിനക്കെട്ട് ആ പാട്ട് റെക്കോർഡ് ചെയ്ത എസ്‌പി‌‌ബിക്കറിയാമായിരുന്നു. അതുകൊണ്ട്, അദ്ദേഹം അടുത്ത പാട്ടിലേക്ക് കടക്കാതെ ആ പാട്ടിന്റെ സെക്കൻഡ് ബിജിഎം, ശരിയായ ശ്രുതിയുള്ള ഫ്ലൂട്ടുകൊണ്ട് ഒരിക്കൽ കൂടി വായിക്കുമോ സർ എന്ന് അരുൾമൊഴിയോട് അപേക്ഷിച്ചു.  

 സദസ്സ് എസ്പിബിയുടെ കനിവാർന്ന ആ വാക്കുകളെ കയ്യടിയോടെ എതിരേറ്റു. എസ്പിബി വീണ്ടും മൂളി... 'ഇളയനിലാ...', ഗിത്താറിസ്റ്റ് അകമ്പടി സേവിച്ചു, ബിജിഎമ്മിന്റെ വളവെത്തിയപ്പോൾ എല്ലാവരും നേർശ്രുതിയിലുള്ള ആ പുല്ലാങ്കുഴൽ നാദത്തിനായി കാതോർത്തു. കണ്ണീരണിഞ്ഞ മിഴികളോടെ അരുൾമൊഴി തന്റെ പുല്ലാങ്കുഴലിൽ നിന്ന് തേന്മഴ പൊഴിയിച്ചു. ആ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞിരുന്ന പുരുഷാരം സന്തോഷാശ്രുക്കളോടെ ആ സംഗീതമധുരം നുണഞ്ഞു. ഇതിനെല്ലാം സാക്ഷ്യം വഹിച്ചു കൊണ്ട്, അന്ന് ഈ സുന്ദര ഗാനത്തിന് ഈണം പകർന്ന ഇളയരാജയും സദസ്സിൽ സന്നിഹിതനായിരുന്നു.

എസ്പിബി എന്ന അനുഗൃഹീതഗായകൻ വിടവാങ്ങുമ്പോൾ നമ്മെ വിട്ടുപോകുന്നത് എസ്പിബി എന്ന ഒരു വലിയ മനുഷ്യൻ കൂടിയാണ് എന്ന് ഈ സംഭവം ഓർക്കുമ്പോൾ, ഉള്ളിൽ ഒരു വിങ്ങലാകുന്നു. 

Follow Us:
Download App:
  • android
  • ios