സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന'ഹലാൽ ലൗ സ്റ്റോറി'യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ആദ്യം പുറത്തിറങ്ങിയ 'സുന്ദരനായവനേ സുബ്‍ഹാനള്ളാഹ്...' എന്ന ലിറിക്കല്‍ ഗാനത്തിന്‍റെ വീഡിയോ രൂപമാണ് ഇന്ന് പുറത്തിറങ്ങിയത്. ഷഹബാസ് അമന്‍ ആലപിച്ച ഗാനം ഗ്രാമാന്തരീക്ഷത്തിലെ ദൃശ്യങ്ങളാല്‍ മനോഹരമാണ്. മുഹ്സിന്‍ പരാരിയുടേതാണ് വരികള്‍.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് 'ഹലാല്‍ ലൗവ് സ്റ്റോറി'. സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഇപ്പോള്‍ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹലാല്‍ ലവ് സ്റ്റോറിയില്‍ മറ്റു കഥാപാത്രങ്ങളായി പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരും എത്തുന്നു.

 ചലച്ചിത്ര നിർമാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാനായി ഒന്നിക്കുന്നതാണ് ചിത്രം. ആഷിക് അബു, ജെസ്‍ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന സക്കറിയയും മുഹ്‍സിന്‍ പരാരിയും ചേര്‍ന്നാണ്.