ഫര്‍ഹാന്റെയും റേച്ചലിന്റെയും പ്രണയ കഥ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്  'ഹിതം' എന്ന സം​ഗീത ആൽബം. ആന്‍മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോൺ കൈപ്പള്ളിയാണ് ഫര്‍ഹാൻ എന്ന കഥാപാത്രമായി സം​ഗീത ആൽബത്തിലെത്തുന്നത്. ഐറിൻ ജോസാണ് നായിക. 'മേഘം പൂത്തതാം, വാനം താനെ വന്നിതാ, നനവിൻ തേടലാൽ മഴനൂൽ പെയ്തിതാ...'എന്ന് തുടങ്ങുന്ന ഗാനം ഇതിനകം സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്


പ്രണയവും, പ്രണയ  സാക്ഷാത്കാരവും എല്ലാം പറഞ്ഞ് പോവുന്ന സം​ഗീത ആൽബം അവതരണത്തിലെ പുതുമ കൊണ്ടും വേറിട്ട ഫ്രെയിമുകൾ കൊണ്ടും പ്രേക്ഷകരെ കൂടുതൽ  അടുപ്പിക്കുന്നു. ലിങ്കു എബ്രഹാം എഴുതിയ വരികള്‍ക്ക് സംഗീതം നൽകിയിരിക്കുന്നത് ലിജോ മാത്യുവാണ്. ലോങ് ഡ്രീം പ്രൊഡക്ഷൻസിനു കീഴിൽ ആനന്ദ് ഏകര്‍ഷിയാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നിരഞ്ജ് സുരേഷും സിത്താര കൃഷ്ണകുമാറുമാണ് ഗാനമാലപിച്ചിരിക്കുന്നത്. വിജയ് കൃഷ്ണൻ ആര്‍ ഛായാഗ്രഹണവും മനോജ് മോഹനൻ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. മ്യൂസിക് അറേഞ്ചിംഗ് ആൻഡ് പ്രോഗ്രാമിങ് നിര്‍വ്വഹിച്ചിരിക്കുന്നത് പ്രകാശ് അലക്സാണ്.