നയന്‍താര നായികയാവുന്ന തമിഴ് ത്രില്ലര്‍ ചിത്രം 'നെട്രിക്കണ്ണി'ന്‍റെ ഗാനം പുറത്തെത്തി. 'ഇദുവും കടന്തു പോഗും' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് സിദ് ശ്രീറാം ആണ്. കാര്‍ത്തിക് നേതയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗിരീഷ് ഗോപാലകൃഷ്‍ണന്‍ ആണ്. 'ഹീലിംഗ് സോംഗ്' എന്ന് പേരിട്ടിരിക്കുന്ന ഗാനം കൊവിഡ് പോരാളികള്‍ക്കും രോഗത്തെ അതിജീവിച്ചവര്‍ക്കുമാണ് സമര്‍പ്പിക്കുന്നതെന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്ന സംവിധായകന്‍ വിഘ്‍നേഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചു.

വിഘ്നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. മിലിന്ദിന്‍റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ 'അവള്‍' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. 'നെട്രിക്കണ്ണി'ല്‍ നയന്‍താരയുടെ കഥാപാത്രം അന്ധയാണ്. നഗരത്തില്‍ കുറേയധികം സ്ത്രീകള്‍ കൊലചെയ്യപ്പെടുന്നു. ഒരു പരമ്പര കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ഇപ്പോള്‍ നയന്‍താരയുടെ കഥാപാത്രത്തിന് പിന്നാലെയാണ്. ഇതാണ് ചിത്രത്തിന്‍റെ പ്ലോട്ട്. അജ്‍മല്‍, മണികണ്ഠന്‍, ശരണ്‍ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. എഡിറ്റിംഗ് ലോറന്‍സ് കിഷോര്‍. ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായന്‍. സംഭാഷണം നവീന്‍ സുന്ദരമൂര്‍ത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona