സംഗീതം റോണി റാഫേല്‍

'മരക്കാറി'ലെ (Marakkar) ഒരു വീഡിയോഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. 'ഇളവെയില്‍ അലകളില്‍' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികള്‍ പ്രഭാവര്‍മ്മയുടേതാണ്. റോണി റാഫേല്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ്. ഒരിടവേളയ്ക്കുശേഷം ഒരു മോഹന്‍ലാല്‍ (Mohanlal) ചിത്രത്തില്‍ എം ജി ശ്രീകുമാര്‍ (MG Sreekumar) ആലപിച്ചിരിക്കുന്ന ഗാനമാണിത്. വീഡിയോ സോംഗ് ആണ് പുറത്തെത്തിയിരിക്കുന്നത്.

അതേസമയം രണ്ടാം വാരത്തിലും മരക്കാര്‍ റിലീസിംഗ് സെന്‍ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ മരക്കാര്‍ ഈ മാസം രണ്ടിനാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തിയത്. കേരളത്തില്‍ 626 സ്ക്രീനുകളിലും ആഗോള തലത്തില്‍ 4100 സ്ക്രീനുകളിലുമാണ് ചിത്രം എത്തിയത്. ആദ്യദിനം 16,000 പ്രദര്‍ശനങ്ങളാണ് ചിത്രം നടത്തുന്നതെന്നും നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ ഇനിയും ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ല.

തങ്ങളുടെ സ്വപ്‍ന പ്രോജക്റ്റ് എന്ന് മോഹന്‍ലാലും പ്രിയദര്‍ശനും പറഞ്ഞിരുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ് 100 കോടിയാണ്. റിലീസിനു മുന്‍പ് പ്രീ-റിലീസ് ടിക്കറ്റ് റിസര്‍വേഷനിലൂടെ മാത്രം ചിത്രം 100 കോടി നേടിയതായി ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. 

YouTube video player