നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'ബെത്‍ലഹേം കുടുംബ യൂണിറ്റ്' ഇതിനകം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്

നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയിരിക്കുകയാണ് ബെത്‍ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസ് ആയി എത്തിയ ചിത്രം ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. നാലാം തീയതി ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ് മൊഴിമാറ്റ പതിപ്പുകള്‍ റിലീസിനും എത്തുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിന്‍റെ തമിഴ് പതിപ്പിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ഇല്ലേ ഇല്ല എന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. വിഷ്ണു എടവന്‍റെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കപില്‍ കപിലനാണ് ഗാനത്തിന്‍റെ തമിഴ് വെര്‍ഷന്‍ ആലപിച്ചിരിക്കുന്നത്.

ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ നിവിന്‍ പോളിയും മമിത ബൈജുവും. ഓണച്ചിത്രമായി ബെത്‍ലഹേം കുടുംബ യൂണിറ്റ് എത്തുമ്പോള്‍ മലയാളി സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷകളെ പൂര്‍ണമായും സാധൂകരിക്കുന്ന ചിത്രമെന്ന അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഓണത്തിന് അക്ഷരാര്‍ഥത്തില്‍ തിയറ്ററുകള്‍ നിറച്ചു ചിത്രം. ഓണത്തിന് ഒരാഴ്ച മുന്‍പേ, ഓഗസ്റ്റ് 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ആളാണ് ഗിരീഷ് എ ഡി. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് ഗിരീഷ് എ ഡി ശ്രദ്ധ നേടിയത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിച്ച ചിത്രം എന്ന പ്രത്യേകതയും ബെത്‍ലഹേമിന് ഉണ്ട്.

ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്‍ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

Ille Illa Tamil | Bethlehem Kudumba Unit | Vishnu Vijay | Girish AD | Nivin Pauly | Mamitha Baiju