പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനമാണ് പ്രേക്ഷകർക്ക് ഒരോ ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളും. മരണത്തിന് മുൻപ് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എത്തുകയാണ് ഫൈനല്‍സ് എന്ന ചിത്രത്തിലൂടെ. ജീവാംശമായ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ കൈലാസ് മേനോനാണ് ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്താണ് ഗാനം പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ചത്. "മഞ്ഞുകാലം ദൂരെ മാഞ്ഞു.മിഴിനീര്‍ സന്ധ്യ മറഞ്ഞു" എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനിവാസാണ്. 

നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ് ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രജീഷ വിജയനാണ് നായിക. നടൻ  മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് രജീഷയുടെ പിതാവായി അഭിനയിക്കുന്നത്. ടിനി ടോം,സോനാ നായര്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.