മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതരായ ജിബി-ജോജു സംവിധാനം ചെയ്ത 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യിലെ വീഡിയോ സോംഗ് എത്തി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ദീപക് ദേവിന്റേതാണ് സംഗീതം. പാടിയിരിക്കുന്നത് മോഹന്‍ലാലും വൈക്കും വിജയലക്ഷ്മിയും ചേര്‍ന്ന്.

തൃശ്ശൂര്‍ പശ്ചാത്തലമാക്കിയ സിനിമയാണ് 'ഇട്ടിമാണി'. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് ഇത്. പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. 'ഇട്ടിമാണി'യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.