'ആലായാല്‍ തറ വേണോ' എന്ന പൊളിച്ചെഴുത്ത് പാട്ടില്‍ പ്രതികരണവുമായി കാവാലം ശ്രീകുമാർ. എന്നും നമ്മുടെ നാടൻ ശീലുകൾ മണ്ണും മണ്ണിൽ അദ്ധ്വാനിക്കുന്നവരുടെയും ആണ്‌. ഈ വരികൾ തിരുത്താൻ നമുക്കവകാശമുണ്ടോ? എന്ന് കാവാലം ശ്രീകുമാർ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒപ്പം 'ആലായാൽ തറ വേണം'എന്ന പഴയ ​ഗാനം പാടുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു. 

കാവാലം ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ആലായാൽത്തറ വേണം"
അങ്ങനെ തന്നെയാണാ പാട്ട്‌. അത്‌ 100 വർഷത്തിലേറെ പഴക്കമുള്ള ഒരു നാടൻ ശീലാണ്‌. ഇത്‌ അഛൻ എഴുതിയതല്ലാ. അഛൻ കണ്ടെത്തി....നെടുമുടി വേണുച്ചേട്ടനും ഞങ്ങളുമൊക്കെ പാടിപ്പാടി നടക്കുന്ന ഒരു പാട്ട്‌.
പിന്നെ കറുകറക്കാർമ്മുകിൽ അഛന്റെ മുദ്ര പതിഞ്ഞ ഒരു മഴപ്പാട്ടാണ്‌. അവസാനം പാടിയ മണ്ണ്‌ എന്ന കവിതയിലെ വരികളും അഛന്റെയാണ്‌. എന്നും നമ്മുടെ നാടൻ ശീലുകൾ മണ്ണും മണ്ണിൽ അദ്ധ്വാനിക്കുന്നവരുടെയും ആണ്‌. ഈ വരികൾ തിരുത്താൻ നമുക്കവകാശമുണ്ടോ ?

നൂറ്റാണ്ടിലേറെ പഴക്കമുള്ള നാടന്‍ ശീല് കാവാലം നാരായണ പണിക്കരുടെ ഈണത്തില്‍ മകന്‍ കാവാലം ശ്രീകുമാര്‍ പാടിയിട്ടുള്ളത് ഏറെക്കാലമായി ജനപ്രീതിയില്‍ നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ ഗാനത്തിലെ പല വരികളിലെയും 'പ്രസ്താവനകളെ' ചോദ്യം ചെയ്യുകയാണ് സൂരജ് പുതിയ ആവിഷ്കാരത്തിലൂടെ. പഴയ ഗാനത്തിന്‍റെ ഈണത്തില്‍ തന്നെയാണ് വരികള്‍ക്കൊപ്പം ശൈലിയും മാറ്റിയുള്ള ആവിഷ്കാരം. ശ്രുതി നമ്പൂതിരിയും സൂരജ് സന്തോഷും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.