തിരുവനന്തപുരം: മലയാളികള്‍ ഒന്നടങ്കം ഓണമാഘോഷിക്കുമ്പോള്‍ ഓണപ്പാട്ടൊരുക്കി ആശംസകളുമായി കൊച്ചി സിറ്റി പൊലീസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് 'ഓര്‍മ്മപ്പൂക്കാലം' എന്ന് പേരുനല്‍കിയ മ്യൂസിക്കല്‍ വീഡിയോ ആല്‍ബത്തിന് പിന്നില്‍.  ഗാനത്തിന്‍റെ രചനയും സംഗീതസംവിധാനവും ആലാപനവുമെല്ലാം പൊലീസുകാര്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

സെൻട്രൽ സ്റ്റേഷൻ എസ്‍സിപിഒ മനോജ് കുമാർ കാക്കൂരിന്റെ വരികൾക്ക് യുവ സംഗീത സംവിധായകൻ ശരത് മോഹനാണ് ഈണം നൽകിയത്. സെൻട്രൽ സിഐ എസ് വിജയശങ്കർ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സെൻട്രൽ സ്റ്റേഷൻ സിപിഒ സലീഷ് കരിക്കൻ ആണ്.

പാലാരിവട്ടം സ്റ്റേഷനിലെ എസ്‍സിപിഒ ആയ സുരേഷ് വിജയനും , സെൻട്രൽ സ്റ്റേഷനിലെ എസ്‍സിപിഒമാരായ റോബിൻ ഇഗ്നേഷ്യസ്, എബി സുരേന്ദ്രൻ , സിപിഒ സാബു പി.റ്റി , എഎസ്ഐ ജോസഫ് വി ജെ തുടങ്ങിയവരും ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്.  വിനോദ് ആദിത്യ ക്യാമറയും, ധനുഷ് എം.എച്ച് ഓർക്കസ്ട്രേഷനും, അഭിഷേക് കണ്ണൻ എഡിറ്റിംഗും, ജിദു സുതൻ സഹ സംവിധാനവും, ജോസഫ് സെബാസ്റ്റ്യൻ അസ്സോ. ക്യാമറയും, മനോജ് വടക്കൻ ഹെലി- ക്യാമറയും, രാജി കിരൺ ചമയവും നിർവ്വഹിച്ചിരിക്കുന്നു. കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആല്‍ബത്തിന്‍റെ വീഡിയോ പങ്കുവെച്ചത്.