ബാബു ആന്റണിയെ കേന്ദ്രകഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം പവര്‍സ്റ്റാറില്‍ സംഗീതം പകരാന്‍ കെജിഎഫിന്റെ സംഗീത സംവിധായകന്‍ എത്തുന്നു. ഒമര്‍ ലുലു തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

പവർസ്റ്റാർ മാസ്സാക്കാൻ കെജിഎഫ് മ്യൂസിക്‌ ഡയറക്‌ടർ വരുന്നു എന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്. ഇക്കാര്യം അറിയിക്കുന്നതിന് മുമ്പ് ആരാണ് പവര്‍സ്റ്റാറില്‍ മ്യൂസിക് ചെയ്യുന്നതെന്ന് പറയാമോ എന്ന് ഫേസ്ബുക്കിലൂടെ ഒമര്‍ ലുലു പ്രേക്ഷകരോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാനുള്ള പ്രഖ്യാപനവുമായി അദ്ദേഹം രംഗത്തെത്തിയത്.

പവർസ്റ്റാർ മാസ്സാക്കാൻ KGF മ്യൂസിക്‌ ഡയറക്‌ടർ വരുന്നു Ravi Basrur 🔥. Happy to Announce Powerstar Music Director.

Posted by Omar Lulu on Sunday, 24 January 2021

ഏറെക്കാലത്തിനു ശേഷം പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവർസ്റ്റാർ. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. 

ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍.