Asianet News Malayalam

നെഞ്ചുനീറി അവര്‍ ഇപ്പോഴും പാടുന്നുണ്ടാകും; "തൂ ജാനാ നഹീ..!"

ഒരു ബോളീവുഡ് സിനിമാക്കഥപോലെ കൌതുകം നിറഞ്ഞതാണ് ഈ സംഗീത ജോഡികളുടെ ജീവിത കഥകളും പാട്ടുകഥകളുമെല്ലാം. കൌമാര കാലത്ത് നെയ്‍ത് തുടങ്ങിയ സ്വപ്‍നങ്ങളുമായി രണ്ട് പതിറ്റാണ്ടിലധികം പ്രയത്‍നിച്ച രണ്ടുപേര്‍. അലച്ചിലുകള്‍ക്കൊടുവില്‍ മധ്യവയസ് പിന്നിട്ട നേരത്ത് അവര്‍ ബോളിവുഡ് സംഗീത ലോകത്തെ കിരീടമില്ലാത്ത രാജാക്കന്മാരായി മാറിയ, പിന്നൊരു ദിനം പൊടുന്നനെ വീണുടഞ്ഞുപോയ കഥകള്‍. 

Life Story Of Nadeem Shravan Music Director Deo
Author
Trivandrum, First Published Apr 23, 2021, 3:17 PM IST
  • Facebook
  • Twitter
  • Whatsapp

നസര്‍ കെ സാമ്‍നേ 
ജിഗര്‍ കെ പാസ്
കോയി രഹ്ത്താ ഹേ..
വൊഹോ തും.. 

മൂന്നു പതിറ്റാണ്ടുകള്‍ക്ക് അപ്പുറത്ത്‌ നിന്നും കുമാര്‍ സാനുവിന്‍റെ ശബ്‍ദം. ഒപ്പം അനുരാധാ പഡ്വാള്‍ കൂടി ചേരുന്നതോടെ പാട്ടുപ്രേമികളുടെ നെഞ്ചിലെ സ്‍ക്രീനില്‍ തെളിയുന്നത് തൊണ്ണൂറുകള്‍. ഇന്ത്യന്‍ സിനിമാ സംഗീതത്തില്‍ പ്രണയവും മെലഡിയും ഒഴുകിപ്പരന്ന കാലം. അതാ മ്യൂസിക്ക് ക്രെഡിറ്റില്‍ ആ പേര് തെളിയുന്നു, അതോടെ പലരും എഴുന്നേറ്റു നിന്നു കയ്യടിക്കുന്നു. 

നദീം - ശ്രാവണ്‍.. 

തെരുവുകച്ചവടക്കാരനും റിക്ഷാക്കാരനും ബസ് തൊഴിലാളിയും ടാക്‌സിക്കാരും വയലുകളിലും ഖനികളിലും വിയര്‍പ്പൊഴുക്കുന്നവനുമൊക്കെയടങ്ങുന്ന അരികുചേര്‍ക്കപ്പെട്ട ജനത ഒരുകാലത്ത് നെഞ്ചിലേറ്റിയ ഗാനങ്ങളുടെ ശില്‍പ്പികള്‍. ആ കൂട്ടുകെട്ടിലെ ഒരാള്‍ - ശ്രാവണ്‍ കുമാര്‍ റാത്തോഡിനെ കൊവിഡ് മഹാമാരിയുടെ രൂപത്തില്‍ വന്ന് മരണം കവര്‍ന്നിരിക്കുന്നു. 

(ചിത്രം - നദീം അക്തര്‍ സൈഫിയും ശ്രാവണ്‍കുമാര്‍ റാത്തോഡും)

ഒരു ബോളീവുഡ് സിനിമാക്കഥപോലെ കൌതുകം നിറഞ്ഞതാണ് ഈ സംഗീത ജോഡികളുടെ ജീവിതകഥകളും പാട്ടുകഥകളും. കൌമാരത്തില്‍ നെയ്‍ത് തുടങ്ങിയ സ്വപ്‍നങ്ങളുമായി രണ്ട് പതിറ്റാണ്ടിലധികം പ്രയത്‍നിച്ച രണ്ടുപേര്‍. അലച്ചിലുകള്‍ക്കൊടുവില്‍ മധ്യവയസ് പിന്നിട്ട നേരത്ത് അവര്‍ ബോളിവുഡ് സംഗീത ലോകത്തെ കിരീടമില്ലാത്ത രാജാക്കന്മാരായി മാറിയ, പിന്നൊരു ദിനം പൊടുന്നനെ വീണുടഞ്ഞുപോയ കഥകള്‍. 

ധീരേ ധീരേ സേ മെരി സിന്ദഗീ മെം ആനാ..
ധീരേ ധീരേ സെ ദില്‍ കോ ചുരാനാ..

ആഷിഖിയിലെ ഹിറ്റ് പാട്ട്. 'പതിയെപ്പതിയെ എന്റെ ജീവനിലേക്കു നീ വന്നു, പതിയെപ്പതിയെ ഹൃദയം നീ കവര്‍ന്നു' എന്നര്‍ത്ഥം. അക്ഷരാര്‍ത്ഥത്തില്‍ റാണി മാലിക്ക്‌ എന്ന പാട്ടെഴുത്തുകാരി ഈ പാട്ടില്‍ എഴുതി വച്ചതുപോലെ പതിയെപ്പതിയെ ആയിരുന്നു നദീം സെയിഫിയുടെയും ശ്രാവണ്‍ കുമാര്‍ റാത്തോഡിന്‍റെയും ബോളീവുഡ് അരങ്ങേറ്റം. 1970കളുടെ ഒടുവില്‍ ഭോജ്‌പുരി സിനിമകളില്‍ തുടങ്ങി മൂന്നാം നിര ഹിന്ദി ചിത്രങ്ങള്‍ക്ക് ഈണമിട്ടീണമിട്ട്‌ തൊണ്ണൂറുകളുടെ ആദ്യം ആഷിക്കിയെന്ന മെഗാമ്യൂസിക്കല്‍ ഹിറ്റിലേക്കുള്ള നടത്തം.

രണ്ട്‌ കൗമാരക്കാര്‍ കണ്ടു മുട്ടുന്നു
സെന്‍ട്രല്‍ മുംബൈ സ്വദേശിയായിരുന്നു നദീം അക്തര്‍ സൈഫി. ബിസിനസുകാരനായിരുന്നു പിതാവ്‌. ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതഞ്‌ജന്‍ പണ്ഡിറ്റ്‌ ചതുര്‍ഭുജ്‌ റാത്തോഡിന്റെ മകനായിരുന്നു ശ്രാവണ്‍ റാത്തോഡ്‌. ബാല്യത്തില്‍ തന്നെ സംഗീതത്തില്‍ അതീവ തല്‍പ്പരരായിരുന്നു ഇരുവരും. കുടുംബത്തിന് വലിയ സംഗീത പാരമ്പര്യമൊന്നും ഇല്ലെങ്കിലും ഡ്രമ്മിലും ഡോലക്കിലും തബലയിലുമൊക്കെ താളമിട്ടു നടക്കുന്നതായിരുന്നു നദീം സൈഫിയുടെ ബാല്യം. 'ഡ്രമ്മര്‍ ബോയി' എന്നായിരുന്നു നദീമിന് അയല്‍ക്കാര്‍ നല്‍കിയ ഓമനപ്പേര്. ദ്രുപദ് സംഗീത കുലപതിയായ പിതാവിന്‍റെ ഈണങ്ങള്‍ സഹോദരന്മാരായ രൂപകുമാറിനും വിനോദിനുമൊപ്പം ചൊല്ലിനടക്കുന്നതായിരുന്നു ശ്രാവണിന്‍റെ ബാല്യം.

(ചിത്രം - നദീമും ശ്രാവണും പ്രസാര്‍ഭാരതി സ്റ്റുഡിയോയില്‍)

1972ല്‍ തങ്ങളുടെ 18-ാം വയസില്‍ മുംബൈ സെന്റ്‌ അന്നാസ്‌ സ്‌കൂളില്‍ വച്ചായിരുന്നു നദീമും ശ്രാവണും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അക്കഥ ഇങ്ങനെ. സെന്റ് അന്നാസ് സ്‌കൂളില്‍ ഒരു സംഗീത മത്സരപരിപാടി നടക്കുന്നു. കുട്ടിക്കള്‍ക്ക് മാര്‍ക്കിടാന്‍ സ്‍കൂള്‍ അധികൃതരുടെ ക്ഷണം അനുസരിച്ച് എത്തിയതായിരുന്നു 18വയസുകാരായ ആ രണ്ട് വിധികര്‍ത്താക്കളും. പരിപാടിക്കിടെ ഇരുവരയെും പരസ്‍പരം പരിചയപ്പെടുത്തുന്നത് ഹരീഷ് ബൊപ്പയ്യ എന്ന പൊതുസുഹൃത്ത്. തങ്ങളുടെ സംഗീതാഭിരുചികള്‍ സമാനമാണെന്ന് ഇരുവരും തിരിച്ചറിയുന്നു. എന്നാല്‍പ്പിന്നെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ എന്തെന്ന് ഹരീഷിന്‍റെ ചോദ്യം. ബോളീവുഡില്‍ സംഗീതസംവിധായകര്‍ ജോഡിയായി പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്‌. ലക്ഷ്‌മീകാന്ത്‌‌ - പ്യാരേലാലും ശങ്കര്‍ - ജയ്‌കിഷന്മാരുമൊക്കെ അരങ്ങുവാഴുന്ന കാലം. അങ്ങനെ തങ്ങള്‍ക്ക് പ്രിയപ്പെട്ട ശങ്കര്‍ - ജയകിഷന്മാരുടെ മാതൃകയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആ ചെറുപ്പക്കാരും തീരുമാനിക്കുന്നു. അതായിരുന്നു നദീം - ശ്രാവണ്‍ കൂട്ടുകെട്ടിന്‍റെ പിറവി. 

(ശ്രാവണ്‍ - ഒരു പഴയ ചിത്രം)

റഫിയെ പാടിച്ച് ആദ്യ സിനിമ!
ജോഡിയുണ്ടാക്കിയ ശേഷം അഞ്ച് വര്‍ഷത്തെ അലച്ചില്‍. ഒടുവില്‍ 1979ല്‍ ബച്ചു ബായ്‌ഷായുടെ 'ദംഗള്‍' എന്ന ഭോജ്‌പുരി സിനിമയില്‍ അവസരം. രതി കുമാറായിരുന്നു സംവിധായകന്‍. ഭോജ്‍പുരിയിലെ അക്കാലത്തെ സൂപ്പര്‍ താരം സുജിത് കുമാര്‍ നായകനും പ്രേമ നാരായണ നായികയും. കുല്‍വന്ത് ജാനി വരികളെഴുതിയ ആറു ഗാനങ്ങളുണ്ടായിരുന്നു ചിത്രത്തില്‍. മുഹമ്മദ് റാഫിയും ആശാ ഭോസ്ലയും മന്നാഡെയുമൊക്കെയായിരുന്നു പാട്ടുകാര്‍. റാഫിയെന്ന ഇതിഹാസത്തെക്കൊണ്ടു പാട്ടുപാടിക്കുമ്പോള്‍ നദീമിനും ശ്രാവണിനും പ്രായം ഇരുപത്തയഞ്ച് തികഞ്ഞിരുന്നില്ല. റാഫിയും ആശാഭോസ്ലെയും ഒരുമിച്ച 'ഫൂട്ട് ഗലിയെ കിസ്‍മത്തിയ' ഉള്‍പ്പെടെയുള്ള ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. 'ബാഡാ പരേഷാന്‍', 'മൊരെ ഹോത് വസെ നതുനിയാ' (ആശ), 'ഗരി ഗരി' (ലത), 'കാഷ് ഹിലെ പട്‌നാ' (മന്നാഡേ) തുടങ്ങിയ പാട്ടുകളിലെല്ലാം പില്‍ക്കാലത്തെ നദീം- ശ്രാവണ്‍ ഹിറ്റുകളുടെ തൂവല്‍ സ്‍പര്‍ശം ഉണ്ടായിരുന്നു. 

ദംഗലിനു ശേഷം ഇരുവര്‍ക്കും ഏതാനും ഭോജ്‍പുരി ചിത്രങ്ങളില്‍ കൂടി അവസരം ലഭിച്ചു. 1982ല്‍ 'മേനെ ജീനാ സീഖ് ലിയാ'യിലൂടെ ബോളീവുഡ് പ്രവേശനം. പിന്നെ കുറേ ബി ഗ്രേഡ് ഹിന്ദി സിനിമകള്‍.  ശ്രദ്ധിക്കപ്പെടാത്ത ചിത്രങ്ങള്‍. ഇതിനിടെ മിഥുന്‍ ചക്രബര്‍ത്തി, ജാക്കി ഷെറോഫ്‌, അനില്‍ കപൂര്‍ തുടങ്ങി പത്ത്‌ താരങ്ങളെ അണിനിരത്തി സ്റ്റാര്‍ ടെന്‍ എന്ന സംഗീതപരിപാടി അവതരിപ്പിച്ചു. 1985ല്‍ ആയിരുന്നു അത്. ശ്രദ്ധിക്കപ്പെടാത്ത ചില ബി ഗ്രേഡ്‌ സിനിമകളുമായി വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി. 

എണ്‍പതുകള്‍ അവസാനിക്കാറായി. ആവര്‍ത്തിച്ചുള്ള ഡിസ്‌കോ നമ്പറുകളാല്‍ ബോളീവുഡ് സംഗീതം അരോചകമായിരുന്ന കാലം. ആര്‍ ഡി ബര്‍മന്‍ യുഗം ഒളിമങ്ങിത്തുടങ്ങിയിരുന്നു. ലക്ഷ്‌മീകാന്ത്‌ പ്യാരേലാലും, ബപ്പി ലാഹിരിയുമൊക്കെ മഹാമേരുക്കളായിരുന്നെങ്കിലും ജനം മടുത്തു തുടങ്ങിയിരുന്നു.  വേറിട്ട ചില മെലഡികളുമായി ആനന്ദ്‌ മില്ലിന്ദ്‌ സഹോദരങ്ങള്‍ പ്രശസ്‌തിയിലേക്ക്‌ ഉയര്‍ന്നുതുടങ്ങിയതും ഇക്കാലത്തായിരുന്നു. എന്നാല്‍ അപ്പോഴും ഈണങ്ങളും ഉള്ളിലൊതുക്കി ബോളിവുഡിന്റെ പിന്നാമ്പുറത്ത്‌ ഒതുങ്ങാനായിരുന്നു നദീമിന്‍റെയും ശ്രാവണിന്‍റെയും വിധി.

ആഷിഖിയുടെ പിറവി
നടന്‍ മിഥുന്‍ ചക്രവര്‍ത്തിയായിരുന്നു ഇരുവര്‍ക്കും പ്രതിസന്ധികളില്‍ തുണ. ദാദയെന്നായിരുന്നു അദ്ദേഹത്തെ ഇരുവരും വിളിച്ചിരുന്നത്. സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മുന്നില്‍ നിരന്തരം ഇരുവരെയും പരിചയപ്പെടുത്തിക്കൊണ്ടിരുന്നു മിഥുന്‍ ചക്രബര്‍ത്തി. പക്ഷേ ബി ഗ്രേഡ് ലേബല്‍ പതിഞ്ഞ ഈണക്കാര്‍ക്ക് മുന്നില്‍ വഴി തുറന്നുകിട്ടുക അത്ര എളുപ്പമായിരുന്നില്ല. 

(ചിത്രം - മിഥുന്‍ ചക്രബര്‍ത്തി)

അങ്ങനെയിരിക്കെയാണ് ടി സീരീസ്‌ ഉടമ ഗുല്‍ഷന്‍ കുമാറിനെ പരിചയപ്പെടുന്നത്. മിഥുന്‍ ചക്രവര്‍ത്തി തന്നെയായിരുന്നു ആ കൂടിക്കാഴ്‌ച പിന്നിലും. 1989ന്റെ അവസാന പകുതിയായിരുന്നു അപ്പോള്‍.  മിഥുന്റെ മുംബൈയിലെ ബംഗ്ലാവിലേക്ക് ഗുല്‍ഷന്‍ കുമാര്‍ നദീം-ശ്രാവണിനെ കാണാനെത്തി.  ഈണങ്ങള്‍ ഹൃദയങ്ങളെ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സെന്‍റ് അന്നാസ്‌ സ്‌കൂളിലെ ആദ്യകാഴ്‍ചയ്ക്ക് സമാനമായ അനുഭവം. ഗുല്‍ഷനെ ഇരുവരും 'പപ്പാജി' എന്നുവിളിച്ചു. ഗുല്‍ഷന്‍ തിരിച്ച്‌ 'ബഡാ ഭായി' എന്നും. 

(ചിത്രം - നദീം, ഗുല്‍ഷന്‍ കുമാര്‍, ശ്രാവണ്‍)

അതൊരു തുടക്കമായിരുന്നു. ആദ്യം ഒരു ആല്‍ബം ചെയ്യാനായിരുന്നു തീരുമാനം. ആഷിഖി എന്നതിന് പേരും തീരുമാനിച്ചു. തുടക്കക്കാരനായ ഷിതിലാ പാണ്ഡേ എന്ന സെമീറിന്‍റെതായിരുന്നു വരികള്‍. കംപോസിംഗ് കഴിഞ്ഞ് റെക്കോര്‍ഡിംഗിന്‌ ഒരുങ്ങുമ്പോഴാണ്‌ അപ്രതീക്ഷിതമായി സംവിധായകന്‍ മഹേഷ്‌ ഭട്ട്‌ കഥയിലേക്ക്‌ കടന്നു വരുന്നത്‌. പാട്ടുകള്‍ കേട്ടയുടന്‍ മഹേഷ് ഭട്ട് പറഞ്ഞു, ആല്‍ബത്തിനുള്ളതല്ല സിനിമയ്ക്കുള്ളതാണ് ഈ പാട്ടുകള്‍ എന്ന്. എങ്കില്‍പ്പോയി സിനിമയ്ക്കുള്ള കഥയുമായി വരൂ എന്നായി ഗുല്‍ഷന്‍ കുമാര്‍. പറഞ്ഞത് പാതി തമാശയായിട്ടാണെങ്കിലും മനോഹരവുമായ ഒരു പ്രണയകഥയുമായിട്ടായിരുന്നു മഹേഷിന്റെ അടുത്ത വരവ്‌. കഥയിലെ രാഹുലിന്റെയും അനുവിന്റെയും പ്രണയത്തിനു കരുത്തുപകരാന്‍ ഈ ഗാനങ്ങള്‍ നല്‍കുമോ എന്ന്‌ മഹേഷ്‌ ഗുല്‍ഷനോട്‌ ചോദിച്ചു. 

(ചിത്രം - മഹേഷ് ഭട്ട്)

പാട്ടിന്‍റെ വിപണി എളുപ്പം തിരിച്ചറിയുന്ന ഗുല്‍ഷന്‌ സമ്മതമായിരുന്നു. അതോടെ സെമീറിനൊപ്പം റാണിമാലിക്ക്‌, മദന്‍പാല്‍ എന്നീ രചയിതാക്കളെക്കൂടി ഉള്‍പ്പെടുത്തി ഗാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. പ്രശസ്‌തനല്ലാത്ത, ക്ലബ്ബുകളിലും മറ്റും പാടിയിരുന്ന, കിഷോര്‍ കുമാറിനെ അനുസ്‍മരിപ്പിക്കുന്ന, കുമാര്‍ സാനുവെന്ന്‌ വിളിപ്പേരുള്ള, കൊല്‍ക്കത്തക്കാരന്‍ കേദാര്‍നാഥ്‌ ഭട്ടാചാര്യ ആയിരുന്നു പ്രധാന ഗായകര്‍. അനുരാധ പഡ്വാളായിരുന്നു മുഖ്യഗായിക. ഉദിത്‌ നാരായണനും നിതിന്‍ മുകേഷും ഓരോ പാട്ടുകള്‍ വീതം പാടി. അങ്ങനെ 1990 ആഗസ്‌ത്‌ 17ന്‌ ഒമ്പത്‌ ഗാനങ്ങളുമായി ആഷിഖി എന്ന ലോ ബഡ്‌ജറ്റ്‌ ചിത്രം തിയേറ്ററുകളിലെത്തി. 

(രാഹുല്‍ റോയിയും അനു അഗര്‍വാളും ആഷിഖിയില്‍)

തലേവര തെളിയുന്നു 
അതുവരെ കേട്ടിട്ടില്ലാത്ത ഓര്‍ക്കസ്ട്രയും ബീജിയെമ്മും ചേര്‍ത്തുവച്ച മെലഡികള്‍. നസര്‍ കെ സാമ്‌നെ, ശ്വാസോം കീ സരൂരത്ത്, തൂ മെരി സിന്ദഗീ ഹേ, മെം ദുനിയാ ബുലാദൂംഗാ, ധീരേ ധീരേ, ജാനേജിഗര്‍, അബ്‌തേരേബിന്‍, ദില്‍കാ ആലം, മേരാ ദില്‍ തേരേലിയേ തുടങ്ങിയ ഗാനങ്ങളെല്ലാം ജനം നെഞ്ചേറ്റി. കേട്ടു മടുത്ത ഡിസ്‍കോ പതിവുകള്‍ക്കു പകരം പുതിയ ശൈലിയിലുള്ള മെലഡിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ബോളിവുഡ്‌ അമ്പരന്നു. ലാറ്റിനമേരിക്കന്‍, പേര്‍ഷ്യന്‍ വാദ്യോപകരണങ്ങള്‍ സമന്വയിപ്പിച്ച മനോഹരമായ പക്കമേളത്തിനായി ജനം വീണ്ടും വീണ്ടും കാതോര്‍ത്തു. 1960കളിലെ ശങ്കര്‍-ജയകിഷന്‍ കാലത്തേക്ക്‌ ആസ്വാദകര്‍ തിരികെ നടന്നു. അതൊരു തുടക്കമായിരുന്നു. ബോളിവുഡ്‌ സംഗീതലോകത്തിന്റെ സമവാക്യങ്ങള്‍ മാറ്റിയെഴുതിയ നദീം - ശ്രാവണ്‍ യുഗത്തിന്റെ തുടക്കം. മികച്ച സംഗീതസംവിധായകര്‍ക്കുള്‍പ്പെടെ നാല്‌ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ആഷിഖ്  സ്വന്തമാക്കി. ആഷിഖിയുടെ ഒന്നരക്കോടി ഓഡിയോ കാസറ്റുകളാണ്‌ അന്ന് വിറ്റത്‌. അങ്ങനെ ഇന്ത്യന്‍ സിനിമാ സംഗീത ചരിത്രത്തിലെ നാഴികക്കല്ലായി മാറി ഈ പ്രണയ കാവ്യം.

(ചിത്രം - കുമാര്‍ സാനു)

ഏഴ് സുന്ദര വര്‍ഷങ്ങള്‍
ഇന്ത്യന്‍ സിനിമാ സംഗീത ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ 'ആഷിഖി'യുടെ പിന്നാലെ സംഗീത സാന്ദ്രമായ സിനിമകളുടെ ഘോഷയാത്രയായിരുന്നു. ദില്‍ഹേ കി മാന്‍താ നഹീന്‍, സാഥി, ഫൂല്‍ ഔര്‍ കാണ്ഡെ, കല്‍കി ആവാസ്, ദീവാന, ദില്‍വാലെ, സലാമി, ജുഡായി, പര്‍ദേശ്, ദഡ്‍കന്‍, ദില്‍ ആഷിഖാന, റാസ് തുടങ്ങി നൂറുകണക്കിനു മെഗാ മ്യൂസിക്കല്‍ഹിറ്റുകള്‍.

(വീഡിയോ - ആഷിഖി പാട്ടുകള്‍)

കാസറ്റുകള്‍ ചൂടപ്പം പോലെ വിറ്റിരുന്ന കാലം. നദീം- ശ്രാവണ്‍ എന്ന ടൈറ്റിലൊട്ടിച്ച കാസറ്റ് വില്‍പ്പനയിലൂടെ മാത്രം സിനിമയുടെ മുഴുവന്‍ മുടക്കുമുതല്‍ തിരിച്ചു പിടിച്ചു നിര്‍മ്മാതാക്കള്‍. വിലയേറിയ കാറുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളുമായി നദീം - ശ്രാവണിന്‍റെ ഡേറ്റിനായി അവര്‍ ക്യൂ നിന്നു. കുമാര്‍ സാനുവും അല്‍ക്കാ യാഗ്‌നിക്കും ഉദിത്‌നാരായണനും അനുരാധ പട്‍വാളുമൊക്കെ ആ ഈണങ്ങളിലൂടെ പാടിക്കയറി. സടക്ക്‌, ദീവാന, ദില്‍വാലെ, സലാമി, രാജ, അഗ്നിസാക്ഷി, രാജാഹിന്ദുസ്ഥാനി, ജുഡായി, പര്‍ദേശ്‌ തുടങ്ങിയ മെഗാ മ്യൂസിക്കല്‍ഹിറ്റ്‌ ചിത്രങ്ങളുമായി 1997 വരെയുള്ള ഏഴു വര്‍ഷങ്ങള്‍. പലതും പാട്ടുകള്‍ കൊണ്ടു മാത്രം ഹിറ്റായ സിനിമകള്‍. ഒരു സിനിമയിലെ മുഴുവന്‍ ഗാനങ്ങളും സൂപ്പര്‍ഹിറ്റാകുന്നത്‌ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത പ്രത്യേകത.  ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇരുവരെയും തേടിയെത്തിയത് ഫിലിം ഫെയര്‍ ഉള്‍പ്പെടെ 113 ഓളം പുരസ്‌കാരങ്ങള്‍. 18 ഭാഷകളിലേക്ക് ഈണങ്ങളുടെ മൊഴിമാറ്റം.

(വീഡിയോ - രാജാഹിന്ദുസ്ഥാനി പാട്ടുകള്‍)

പതനം
1997 ആഗസ്‌റ്റ് 8നാണ്‌ സുഭാഷ്‌ ഗായിയുടെ 'പര്‍ദേശ്‌' റിലീസ്‌ ചെയ്യുന്നത്‌. നദീം ശ്രാവണിന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായിട്ടാണ്‌ പലരും പര്‍ദേശിലെ ഗാനങ്ങളെ വിശേഷിപ്പിച്ചത്‌. അതുവരെ ഇരുവരും പിന്തുടര്‍ന്നിരുന്ന ശൈലിയില്‍ നിന്നും വേറിട്ടൊരു പരീക്ഷണമായിരുന്നു പര്‍ദേശില്‍ കേട്ടത്. ഐ ലവ്‌ മൈ ഇന്‍ഡ്യ, മേരി മെഹബൂബ തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായി. ഏ ആര്‍ റഹ്മാന്‍ ഇന്ത്യന്‍ സിനിമാ സംഗീതത്തില്‍ സൃഷ്‍ടിച്ച വിപ്ലവാത്മകമായ പാത പിന്തുടരുന്നതിനൊപ്പം തങ്ങളുടെ കയ്യൊപ്പ് അവയില്‍ പതിക്കാനും ഇരുവര്‍ക്കും സാധിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പര്‍ദേശിലെ ഈണങ്ങള്‍. പക്വത ആര്‍ജ്ജിച്ച പ്രതിഭകളെന്നായിരുന്നു നിരൂപക പ്രശംസ. പക്ഷേ പര്‍ദേശ് റിലീസായി വെറും നാല്‌ ദിവസങ്ങള്‍ക്കകം സകലതും കീഴ്‌മേല്‍ മറിഞ്ഞു. 

(വീഡിയോ - പര്‍ദേശിലെ പാട്ടുകള്‍)

ബോളിവുഡിനെ നടുക്കി ആഗസ്‌ത്‌ 12ന്‌ അന്ധേരിയില്‍ വച്ച്‌ ഗുല്‍ഷന്‍ കുമാര്‍ വെടിയേറ്റു മരിച്ചു. ഗൂഡാലോചനയില്‍ നദീം സെയിഫിക്കും പങ്കുണ്ടെന്ന വാര്‍ത്ത  പരന്നു. അതോടെ ബോളിവുഡ് ഞെട്ടിത്തരിച്ചു. ഈ സമയം കുടുംബവുമൊത്ത്‌ വിദേശത്തായിരുന്നു നദീം സൈഫി. ഗുൽഷനെ വധിക്കാൻ അധോലോകത്തിനു പണം നൽകി എന്നതായിരുന്നു നദീമീന് എതിരെയുള്ള ആരോപണം. ഗുൽഷൻ വധത്തിലെ സൂത്രധാരൻ നദീം ആണെന്നും നദീമിനു ദാവൂദ്‌ ഇബ്രാഹിം, ഛോട്ടാ രാജൻ, അബു സലീം തുടങ്ങി അധോലോകത്തെ പലരുമായും ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. നിയമ പോരാട്ടങ്ങള്‍ക്കിടയില്‍ 2002ല്‍ നദീമിനെ മുംബൈ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പക്ഷേ നദീം ഇന്ത്യയിലേക്ക് തിരികെവന്നില്ല. ലണ്ടനിലും ദുബായിലുമൊക്കെയായി നദീമും ശ്രാവണ്‍ ഇന്ത്യയിലും തുടര്‍ന്നു. 

(ചിത്രം - ഗുല്‍ഷന്‍ കുമാര്‍)

അകലങ്ങളിലെ ഈണങ്ങള്‍
മൂന്നുപതിറ്റാണ്ടോളം നീണ്ട കൂട്ടുകെട്ട് അപ്പോഴും പിരിഞ്ഞിരുന്നില്ല. 2000ത്തില്‍ ദട്‌കന്‍, ദില്‍ ആഷിഖാന തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ ഇരുവരും അകലങ്ങളിലിരുന്നു ഈണമിട്ടു, നദീം ലണ്ടനിലും ശ്രാവണ്‍ മുംബൈയിലും. ഗാനങ്ങള്‍ വീണ്ടും സൂപ്പര്‍ഹിറ്റായി. 2002ല്‍ നദീം - ശ്രാവണ്‍ ക്രെഡിറ്റില്‍ എത്തിയ 'റാസി'ലെ ഗാനങ്ങള്‍ മെഗാഹിറ്റായി മാറി. ഇതോടെ തൊണ്ണൂറുകള്‍ ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീതിയുണ്ടായി. പക്ഷേ അതിനൊരു തുടര്‍ച്ചയുണ്ടാക്കാനായില്ല.  2005ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. 'ദോസ്‍തി ഫോര്‍ എവര്‍' ആയിരുന്നു കൂട്ടുകെട്ടിലെ അവസാനചിത്രം. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരായിരുന്നു വേര്‍പിരിയലിനു കാരണമായി ആദ്യം കേട്ടത്. എന്നാല്‍ സംഗീത സംവിധായകരായ മക്കളുടെയൊന്നിച്ച് ശ്രാവണ്‍ തിരക്കിലായത് നദീമിനെ ചൊടിപ്പിച്ചെന്നും കൂട്ടുകെട്ടിന്റെ ക്രെഡിറ്റില്‍ എത്തിയ പല സിനിമകളും പരാജയപ്പെട്ടതുമൊക്കെ മറ്റുചില കാരണങ്ങളായി പിന്നാമ്പുറക്കഥകളില്‍ കേട്ടു. 

(വീഡിയോ - റാസിലെ പാട്ടുകള്‍)

പാട്ടുകളിലെ ഗ്രാമീണത
തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ തെരുവുകച്ചവടക്കാരും റിക്ഷ വലിക്കുന്നവനും ബസ് തൊഴിലാളികളും ഗോതമ്പുപാടങ്ങളിലും കടുകുപാടങ്ങളിലും ഖനികളിലുമൊക്കെ വിയര്‍പ്പൊഴുക്കുന്നവനും ടാക്‌സി ഡ്രൈവര്‍മാരുമൊക്കെയടങ്ങുന്ന അരികുചേര്‍ക്കപ്പെട്ട ജനതയായിരുന്നു നദീം - ശ്രാവണ്‍ ഈണങ്ങളുടെ പ്രധാന ആരാധകര്‍. ഏ ആര്‍ റഹ്മാന്‍ ബോളീവുഡില്‍ ചലനമുണ്ടാക്കിയപ്പോഴും വീഴാതെ നില്‍ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞതും ഈ ജനപ്രിയതകൊണ്ടു തന്നെയായിരുന്നു. 

ഹിന്ദുസ്ഥാനി, ഗസല്‍, ഖവാലി സമന്വയവും ഭാംസുരി, സിത്താര്‍, ഷെഹനായി, അര്‍ജന്റീനിയന്‍, ആഫ്രോ ക്യൂബന്‍ പ്രെകഷന്‍ വാദ്യോപകരണങ്ങളുടെ പശ്ചാത്തലവും നിറഞ്ഞ നദീം ശ്രാവണ്‍ ഈണങ്ങളെ ആയിരങ്ങള്‍ ഇന്നും നെഞ്ചിലേറ്റുന്നുണ്ട്. ആഗോളവല്‍ക്കരണത്തിനു തൊട്ടുമുമ്പു വരെയുള്ള വടക്കേയിന്ത്യന്‍ ഗ്രാമീണ നാടോടി ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയും ഗതകാല സ്മരണകളിരമ്പുന്ന പാക്കിസ്ഥാനി ഈണങ്ങളുടെ സ്വാധീനവും ഇവരുടെ പല ഗാനങ്ങളെയും സമ്പന്നമാക്കുന്നു. 

രാജാഹിന്ദുസ്ഥാനിയിലെ 'ആ യേഹോ മേരി സിന്ദഗി' ഒന്നു കേള്‍ക്കുക. യമന്‍ കല്യാണ്‍ രാഗത്തിന്‍റെ സന്തോഷവും ഉല്ലാസവും നിറയ്ക്കുന്ന ഗാനം. വെറും കൈകൊട്ടി സാധാരണക്കാരന് പോലും മൂളാവുന്ന ദാദ്ര താളത്തിന്‍റെ ലാളിത്യം. സര്‍വ്വോപരി ഇന്ത്യന്‍ ഗ്രാമീണതയും ഫോക്കും സമന്വയിപ്പിച്ച ഈണക്കൂട്ട്. അതുകൊണ്ട് തന്നെ ഹിന്ദുസ്ഥാനി സംഗീതവും ഗസലുകളും ഖവാലികളും സമന്വയിപ്പിച്ച മെലഡിയും ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ അലയൊലികളും നാടോടി ഈണങ്ങളുടെ സ്വാധീനവുമാണ്‌ നദീം ശ്രാവണ്‍ ഗാനങ്ങളുടെ ജനപ്രിയതയ്‌ക്ക്‌ പിന്നിലെന്ന് കരുതാവുന്നതാണ്. വലിയൊരു വിഭാഗം ആസ്വാദകരില്‍  1960 കളിലെ ശങ്കര്‍ - ജയ്‌കിഷന്‍ കൂട്ടുകെട്ടിന്റെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയതും മറ്റൊരു കാരണമായിരിക്കണം. ഒരര്‍ത്ഥത്തില്‍ ശങ്കര്‍ ജയകിഷന്റെ ആധുനിക രൂപമായിരുന്നു നദീം ശ്രാവണ്‍ കൂട്ടുകെട്ട്‌. ഭാംസുരി, സിത്താര്‍, ഷെഹനായി തുടങ്ങിയവയ്‌ക്കൊപ്പം അര്‍ജന്റീനിയന്‍, ആഫ്രോ - ക്യൂബന്‍ പ്രെകഷന്‍ (Afro - Cuban Procussion Instruments) വാദ്യോപകരണങ്ങള്‍ സൃഷ്‍ടിച്ച താളാത്മക ശൈലിയും പാട്ടുകളെ ആകര്‍ഷകമാക്കി. 

ആഗോളവല്‍ക്കരണത്തിനു മുമ്പും ശേഷവുമുള്ള വടക്കേ ഇന്ത്യന്‍ ഗ്രാമീണ - നാടോടി ജീവിതങ്ങളുടെ നേര്‍ക്കാഴ്‌ച പലഗാനങ്ങളിലുമുണ്ട്‌. രാജാഹിന്ദുസ്ഥാനിയിലെ 'പര്‍ദേശീ പര്‍ദേശീ' എന്ന ഗാനം ഇതിനൊരു ഉദാഹരണമാണ്‌. ഇന്ത്യന്‍ നാടോടികളുടെ മുഴുവന്‍ നിസ്സഹായതയും ദൈന്യവും ഈ പാട്ടിലുണ്ട്‌. രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ട്രെയിനില്‍ കാണുന്ന ഭിക്ഷക്കാരായ നാടോടിക്കുട്ടികള്‍ ന്യൂജനറേഷന്‍ നമ്പറുകള്‍ക്കു പകരം 'തൂ ജാനാ നഹീ..' എന്ന്‌ വയറ്റിലടിച്ചു നിലവിളിക്കുന്നത് വെറുതെയല്ല. എ ആര്‍ റഹ്മാന്റെ സാങ്കേതികത്തികവിനെക്കാള്‍ ശുദ്ധ സംഗീതത്തിന്റെ സ്വാഭാവികമായ ഒഴുക്കുണ്ട്‌ നദീം ശ്രാവണ്‍ ഈണങ്ങളില്‍. ശബ്‍ദഘോഷങ്ങളുടെ ജാഡകളില്ലാത്ത ഫാസ്റ്റ്‌ നമ്പറുകളും ആ ഈണങ്ങളെ വേറിട്ടതാക്കുന്നു. 

(ചിത്രം - അല്‍ക്ക യാഗ്നിക്ക്)

കോപ്പിയടി ആരോപണം
പാക്കീസ്ഥാനി ഈണങ്ങളും പല അന്യഭാഷാ ഗാനങ്ങളും കോപ്പിയടിക്കുകയിരുന്നു നദീമും ശ്രാവണും എന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. ചില ഈണങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ഈ ആക്ഷേപം ഒരുപരിധി വരെ ശരിയുമാണെന്ന് കാണാം. എന്നാല്‍ കോപ്പിയടി ആരോപിക്കപ്പെടുന്ന പല ഈണങ്ങളും അതേപടി പകര്‍ത്തുകയല്ല അവയെ അടിസ്ഥാനമാക്കി പുതിയ ഈണങ്ങള്‍ സൃഷ്‍ടിക്കുകയായിരുന്നു ഇരുവരും എന്നതാണ് യാതാര്‍ത്ഥ്യം. അമേരിക്കന്‍ ഗായിക ജോയ്‌സി സിംസിന്റെ 'കം ഇന്‍ ടു മൈ ലൈഫില്‍' നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ഒരുക്കിയ 'ധീരേ ധീരേ' ഇതിനൊരു ഉദാഹരണമാണ്. അതുപോലെ അസംസ്‍കൃതമെന്ന് പറയാവുന്ന പല പാക്കിസ്ഥാനി ഈണങ്ങളെയും മികച്ച ശബ്‍ദ-താള വിന്യാസങ്ങളിലൂടെ പരിഷ്‍കരിക്കുകയായിരുന്നു നദീമും ശ്രാവണും ചെയ്‍തതെന്നും കാണാം. വരികള്‍ ഉള്‍പ്പെടെ പകര്‍ത്തിയെടുത്ത 'തൂ മേരി സിന്ദഗി' എന്ന ആഷിഖിയിലെ ഗാനം തന്നെ ഇതിന് ഉദാഹരണം. പാക്ക് ഗായിക തസാവൂര്‍ ഖനൂമിന്‍റെ 'തൂ മേരി സിന്ദഗി'യും കുമാര്‍ സാനുവിന്‍റെതും തമ്മിലുള്ള വ്യത്യാസം എളുപ്പത്തില്‍ തിരിച്ചറിയാം. 

സംഗീതത്തില്‍ ശാസ്ത്രീയമായി വലിയ പരിശീലനങ്ങളൊന്നും ലഭിച്ചിരുന്നില്ല നദീമിനും ശ്രാവണിനും. ഇവരുടെ ഭൂരിപക്ഷം ഈണങ്ങള്‍ക്കും തൂലിക ചലിപ്പിച്ച സമീര്‍ ആകട്ടെ വലിയ കവിയോ സാഹിത്യകാരനോ ആയിരുന്നുമില്ല. എങ്കിലും ലക്ഷക്കണക്കിനു സാധാരണക്കാരെ ആകര്‍ഷിക്കാന്‍ ഈ ടീമിനു കഴിഞ്ഞു. ഹിന്ദി വാക്കിന്റെ അര്‍ത്ഥം അറിയാത്ത മലയാളികള്‍ പോലും ഇവരുടെ പല പാട്ടുകളും ഇന്നും മൂളിനടക്കുന്നു. ഈ ട്രാക്കുകളെ അടിസ്ഥാനമാക്കി തൊണ്ണൂറുകളില്‍ മലയാളത്തില്‍ നിരവധി ആല്‍ബങ്ങളും ഇറങ്ങിയിട്ടുണ്ട്. കുറച്ചുകാലം മുമ്പ് മാപ്പിളപ്പാട്ടുകള്‍ എന്ന പേരില്‍ കേരളത്തില്‍ ഹിറ്റായ പല പാട്ടുകളും നദീം ശ്രാവണ്‍ കാലഘട്ടത്തെ അനുസ്‌മരിപ്പിക്കുന്നവയായിരുന്നു.

(ചിത്രം - അനുരാധ പഡ്‍വാള്‍)

തിരിച്ചുവരവ്
ശ്രാവണ്‍ ഒപ്പമില്ലാതെ ഇഷ്‍ഖ് ഫോര്‍ എവര്‍ എന്ന ചിത്രത്തിലൂടെ 2016 ല്‍ നദീമിന്‍റെ ഈണങ്ങള്‍ ബോളിവുഡില്‍ തിരികെയെത്തിയിരുന്നു. 2017ല്‍ വീണ്ടുമൊരു നദീം ചിത്രം കൂടി എത്തിയെങ്കിലും അതും ശ്രദ്ധിക്കപ്പെട്ടില്ല. നദീമും ശ്രാവണും ഒരുമിക്കുന്ന പുതിയൊരു ചിത്രത്തെപ്പറ്റി അടുത്തിടെ കേട്ടിരുന്നു. കുമാര്‍ സാനു കൂടി ചേരുന്ന ആ പ്രൊജക്ട് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍  നദീമിനെയും എണ്ണമറ്റ ഈണങ്ങളെയും  ആരാധകരേയും ഭൂമിയില്‍ തനിച്ചാക്കി അദ്ദേഹം യാത്രയായിരിക്കുന്നു. വയലുകളിലും ഖനികളിലും ബസുകളിലും ടാക്സികളിലുമൊക്കെ ഇരുന്ന് ഇപ്പോഴും പലരും നെഞ്ചുനീറി ഇങ്ങനെ പാടുന്നുണ്ടാകണം,

"ഭൂല് ന ജാനാ..ഭൂല് ന ജാനാ.. ഓ ഓ.."

 

(ചിത്രം - ശ്രാവണ്‍കുമാര്‍ റാത്തോഡ്)

Follow Us:
Download App:
  • android
  • ios