Asianet News MalayalamAsianet News Malayalam

പാട്ടിന്റെ പാലാഴി തീര്‍ത്ത മുഹമ്മദ് റഫി; അതുല്യപ്രതിഭയുടെ ഓർമയ്ക്ക് 43 വയസ്

റഫിയെ അനുകരിച്ച് കുറെ പാട്ടുകാർ വന്നു. ശബീർ കുമാറും മുഹമ്മദ് അസീസും സോനു നിഗവുമൊക്കെ റഫിയെ അനുകരിച്ച് പാടി. അവരാരും റഫിക്ക് പകരക്കാരായില്ല.

Mohammed Rafi 43rd death anniversary nrn
Author
First Published Jul 31, 2023, 8:47 AM IST

ഗായകൻ മുഹമ്മദ് റഫി വിടവാങ്ങിയിട്ട് ഇന്ന് 43 വർഷം. നൂറ്റാണ്ടിന്റെ ഗായകനെന്ന് വിശേഷിപ്പിക്കപ്പെട്ട റഫി രാജ്യം കണ്ട എക്കാലത്തെയും ജനപ്രിയ ഗായകനാണ്. 5 തലമുറകൾ നെഞ്ചേറ്റിയ അദ്ദേഹത്തിന്റെ പാട്ടുകൾ ഇന്നും എന്നും കാലാനുവർത്തിയായി നിലകൊള്ളും. 

ഖവാലി മുതൽ ക്ലാസിക്കൽ വരെ. തട്ടുതകർപ്പൻ ഗാനങ്ങൾ മുതൽ ഭജൻ വരെ. എന്തും വഴങ്ങിയിരുന്നു റാഫിക്ക്. 4 പതിറ്റാണ്ട് രാജ്യത്തെ സംഗീത സംവിധായകർ റഫിക്ക് പിന്നാലെയായിരുന്നു. നൗഷാദിനെ പോലെ ക്ലാസിക്കൽ സംഗീതപ്രിയരായ സംഗീത സംവിധായകർക്കും ലക്ഷ്മികാന്ത് പ്യാരേലാലിനെപ്പോലെ പുത്തൻ ട്രെന്റുകളുടെ പിന്നാലെ പോയവ‍ർക്കും ഒറ്റ ശബ്ദമേ വേണ്ടിയിരുന്നുള്ളൂ. അതായിരുന്നു മുഹമ്മദ് റഫിയുടെ വെൽവെറ്റ് ശബ്ദം.

തന്റെ ആരാധനാപാത്രം കെ എൽ സൈഗാൾ പാടാനിരുന്ന വേദിയിൽ 13ാം വയസ്സിൽ പാടിയാണ് മുഹമ്മദ് റഫി സ്വപ്നതുല്യമായ അരങ്ങേറ്റം നടത്തിയത്. സഹോദരനും കൂടുംബവും ലാഹോറിലേക്ക് പോയപ്പോൾ 20ആം വയസ്സിൽ റഫിയെത്തിയത് മുംബൈയിൽ. അവിടെ നൗഷാദിനെ പോലുള്ള പ്ര​ഗൽഭർ നൽകിയ അവസരം റഫിയെ ഹിന്ദി സിനിമ ചരിത്രത്തിലെ എക്കാലത്തെയും അതുല്യനായ ഗായകനാക്കി മാറ്റി. കോറസ് പാട്ടുകാരൻ പതിയ മുൻനിരക്കാരനായി.

Mohammed Rafi 43rd death anniversary nrn

വിഭജനം റഫിയുടെ കുടുംബത്തെയും രണ്ടാക്കി. ഭാര്യയടക്കമുള്ള കുടുംബാം​ഗങ്ങൾ ലാഹോറിലേക്ക് പോയപ്പോൾ റഫി മുംബൈയിൽ നിന്ന് മടങ്ങിയില്ല. പണ്ഡിറ്റ് നെഹ്രൂ ആദ്യ സ്വാതന്ത്ര്യ ദിനത്തിൽ റഫിയുടെ രാജ്യസ്നേഹത്തെ ആദരിച്ചു. പിന്നീട് ഹിന്ദി സിനിമയിൽ കണ്ടത് റഫി യുഗമായിരുന്നു. ദേവാനന്ദ് മുതൽ അമിതാഭ് ബച്ചനും വരെ ജനപ്രിയ നായകരെല്ലാം റഫിയുടെ ശബ്ദത്തിൽ തിരശ്ശീലയിൽ ആടിപ്പാടി. തൊണ്ടയിലെ നിരന്തരമായ അണുബാധ. വേദികളിൽ പാട്ട് പൂർത്തിയാക്കാൻ പറ്റാതെ വന്ന അവസ്ഥ.

എഴുപതുകളിൽ റഫിയുടെ യുഗം അവസാനിച്ചെന്ന് പലരും അടക്കം പറഞ്ഞു. കിഷോർ കുമാർ കൂടുതൽ ഹിറ്റുകൾ പാടി. അങ്ങിനെ എഴുതിത്തള്ളപ്പെടാൻ റഫിയെന്ന ജീനിയസിന് മനസ്സുണ്ടായില്ല. 'യെ ദുനിയാ യെ മെഹ് ഫിൽ' പോലുള്ള എക്കാലത്തെയും മികച്ച തന്റെ ഗാനങ്ങൾ റഫി പാടിയത് ഇക്കാലത്താണ്. റഫിയുടെ രണ്ടാം സുവർണ്ണ കാലമായിരുന്നു ഇത്.

1980 ജൂലൈ 31ന് കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് തന്റെ 56ാം വയസ്സിൽ റഫി വിടവാങ്ങി. ഒരു സൂപ്പർ താരത്തിന് പോലും കിട്ടാത്ത ജന ആദരം ഏറ്റുവാങ്ങി മൂംബൈ നഗരത്തെ സ്തംഭിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യ യാത്ര. റഫിയെന്നാൽ ഹൃദയത്തെ തൊടുന്ന മെലഡികളായിരുന്നു. കാലത്തെ അതിജീവിക്കുന്ന പാട്ടുകളാണ് അദ്ദേഹത്തിന്റേതെന്ന് ഈ റിമിക്സ് യുഗം സാക്ഷ്യപ്പെടുത്തുന്നു.

'ദൈവത്തിന്റ ശബ്ദം', ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്ക‌ർ മൻമോഹൻ ദേശായ്, മുഹമ്മദ് റഫിയെ വിശേഷിപ്പിച്ചത് ഇങ്ങിനെയാണ്. റഫിയുടെ മരണശേഷം നടന്ന സംഗീതാസ്വാദകരുടെ വോട്ടെടുപ്പുകളിൽ നൂറ്റാണ്ടിന്റെ പാട്ടുകാരനായി പല തവണ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഹിന്ദി സിനിമ നൂറ് വ‌ർഷം പൂർത്തിയാക്കിയ വേളയിൽ ബിബിസി നടത്തിയ ജനകീയ വോട്ടെടുപ്പിൽ 'ബഹാരോം ഫൂൽ ബർസാവോ' നൂറ്റാണ്ടിന്റെ ജനപ്രിയ പാട്ടായി.

'ഞങ്ങളുടെ ലിറ്റിൽ മിറാക്കിൾ'; അമ്മയാകുന്ന സന്തോഷം പങ്കുവച്ച് അർച്ചന സുശീലൻ

റഫിയെ അനുകരിച്ച് പിന്നീട് കുറെ പാട്ടുകാർ വന്നു. ശബീർ കുമാറും മുഹമ്മദ് അസീസും സോനു നിഗവുമൊക്കെ റഫിയെ അനുകരിച്ച് പാടി. പക്ഷേ അവരാരും റഫിക്ക് പകരക്കാരായില്ല. കാരണം റഫി ഒന്നെയുള്ളൂ എന്നതാണ്. സ്വനനാളത്തിൽ ദൈവം തഴുകിയ പാട്ടുകാരൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios