2020ൽ ക്ലിക്ക് ആയ ഒരു പാട്ടാണ് 'പണി പാളി'. സിനിമ നടനും, റാപ്പറും, നർത്തകനുമായ നീരജ് മാധവ് അവതരിപ്പിച്ച പണി പാളി സോങ് മലയാളി പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത റാപ്പ് സംഗീതം ആണെങ്കിലും ന്യൂ ജനറേഷൻ പെട്ടന്ന് ഏറ്റുപിടിച്ചു.  പണി പാളി പാട്ടിന്റെ ഈരടികൾക്കനുസരിച്ച് നൃത്തം ചെയ്യുന്നവരുടെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. ഇപ്പോഴിതാ പുത്തൻ റാപ്പുമായി വീണ്ടും എത്തിയിരിക്കുകയാണ് നീരജ്. 'ഫ്ലൈ' എന്നാണ് മ്യൂസിക്കൽ വീഡിയോയ്ക്ക് താരം പേര് നൽകിയിരിക്കുന്നത്. 

'പോയി ഒന്ന് പറന്നിട്ടു വാ ടീമേ' എന്നാണ് റാപ്പ് പങ്കുവച്ച് കൊണ്ട് നീരജ് കുറിച്ചിരിക്കുന്നത്. താരത്തിന്റെ പുത്തൻ റാപ്പ് പുറത്തിറക്കി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പറക്കട്ടെ ഞാനിനി ചിരിക്കട്ടെ ഞാനിനി എന്ന് തുടങ്ങുന്ന റാപ്പിൽ ലോകം മൊത്തം ഡാര്‍ക്ക് സീനാണെങ്കിലും കൊവിഡ് കാലത്ത് നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും മനസുലയാതെ തളരാതെ ഉള്ളിൽ കനിവുമായി നാളേക്ക് പറന്നുയരാം എന്ന പുതുവര്‍ഷ ചിന്തയാണ് നൽകിയിരിക്കുന്നത്. 

'വന്നു മക്കളെ അടുത്ത സൂപ്പർ ഹിറ്റ്‌ സാധനം... ഇത് പൊരിക്കും, സിനിമാ രംഗത്ത് മാത്രമല്ല മച്ചാൻറെ കഴിവ് യൂട്യൂബിലും ഒരു ഒന്നൊന്നര ഹീറോ തന്നെ', എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴേ വന്നിരിക്കുന്ന കമന്റുകൾ. താരങ്ങൾ ഉൾപ്പടെയുള്ളവരും നീരജിന് ആശംസയുമായി എത്തിയിട്ടുണ്ട്.