സംവിധായകൻ ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി‘ലെ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘നീയേ ഭൂവിന്‍ നാദം രൂപം..‘ എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. ധന്യ സുരേഷ് മേനോന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീത സംവിധായകനായ സൂരജ് കുറുപ്പാണ്. രേണുക അരുൺ ആണ് ”നീയേ ഭൂവിൻ” എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ പാളുവ ഭാഷയിലുള്ള മറ്റൊരു ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഈ ഭാഷയില്‍ ആദ്യമായാണ് ഒരു സിനിമാഗാനം ഉണ്ടാവുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് മൃദുലാദേവി എസ് ആണ്. സംഗീതം മാത്യൂസ് പുളിക്കന്‍. ആലപിച്ചിരിക്കുന്നത് ഹരിത ബാലകൃഷ്ണനും സുലേഖ കാപ്പാടനും ചേര്‍ന്ന്.

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ'പ്പോലെ സമീപകാലത്തൊന്നും ഒരു മലയാളസിനിമ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഒരു പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയായിരുന്നു റിലീസ് എങ്കിലും പിറ്റേദിവസം മുതൽ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ ഈ സിനിമ മാത്രമായി ചര്‍ച്ച. അത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം തന്നെയായിരുന്നു കാരണം. വിവാഹിതയായി എത്തുന്ന വീട്ടിലെ അടുക്കളയില്‍ ഒരു യുവതി 'പെട്ടുപോകുന്ന'താണ് സിനിമയുടെ വിഷയം.