'പൊന്നാവണി പാട്ടുകള്‍' എന്ന ആല്‍ബത്തിനു ശേഷം എസ് ആര്‍ സൂരജും സംഘവും ചേര്‍ന്നിറക്കിയ ഗാനം

കാസറ്റ് കാലം മുതലേ സംഗീതപ്രേമികളുടെ മനസ് നിറയ്ക്കുന്ന ഒന്നാണ് ഓണം സീസണ്‍. യേശുദാസിന്‍റെ തരംഗിണി മുതല്‍ നിരവധി സ്റ്റുഡിയോകളും സംഗീത സംവിധായകരുമാണ് ഓണപ്പാട്ടുകള്‍ ഇറക്കിയിരുന്നത്. അത്രത്തോളമില്ലെങ്കിലും യുട്യൂബ് കാലത്തും ശ്രദ്ധേയമായ ഓണപ്പാട്ടുകള്‍ വര്‍ഷാവര്‍ഷം പുതുതായി എത്തുന്നുണ്ട്. ഈ ഓണത്തിനും ആ നിരയില്‍ ശ്രദ്ധ നേടിയ ഗാനങ്ങളില്‍ ഒന്ന് ആലപിച്ചിരിക്കുന്നത് സിതാര കൃഷ്‍ണകുമാറും അരുണ്‍ ജിഎസും ചേര്‍ന്നാണ്. 

'ഓണമായി' എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എസ് ആര്‍ സൂരജ് ആണ്. 'പൊന്നാവണി പാട്ടുകള്‍' എന്ന ആല്‍ബത്തിനു ശേഷം എസ് ആര്‍ സൂരജും സംഘവും ചേര്‍ന്നിറക്കിയ ഗാനമാണ് ഇത്. കവിപ്രസാദ് ഗോപിനാഥ് ആണ് വരികള്‍ എഴുതിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിദ്യാധരൻ മാഷിന്‍റെ 'ഓണമാണ്' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ശേഷം കവിപ്രസാദ് രചിച്ച ആണപ്പാട്ട് ആണിത്. ഓണക്കാലത്തിന്‍റെ ആമോദം വരികളിലും ഈണത്തിലും ആലാപനത്തിലും നിറഞ്ഞുനില്‍ക്കുന്ന ഗാനം കാപ്പി ചാനല്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്‍തിരിക്കുന്നത്. അരവിന്ദ് വി കെ ആണ് ക്രിയേറ്റീവ് ഡയറക്ടർ.