1999 ലെ ഹിറ്റ് ഗാനങ്ങളിൽ ഒന്ന്

പഴയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ പുതിയ ചിത്രങ്ങളില്‍ കൗതുകകരമായി ഉപയോഗിച്ച് മുന്‍പും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ഗാനം കൂടി അത്തരത്തില്‍ ശ്രദ്ധ നേടുകയാണ്. 1999 ൽ റിലീസായ ഇൻഡിപെൻഡൻസ് എന്ന വിനയൻ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ "ഒരു മുത്തം തേടി" എന്ന ഗാനമാണ് വീണ്ടും തരംഗമാകുന്നത്. ബിബിൻ കൃഷ്ണയുടെ സംവിധാനത്തില്‍ അടുത്തിടെ തിയറ്ററുകളില്‍ എത്തിയ സാഹസം എന്ന ചിത്രത്തിലാണ് ഈ ഗാനം പുനരവതരിപ്പിച്ചിരിക്കുന്നത്.

എം ജി ശ്രീകുമാർ, സുജാത, മനോ എന്നിവർ ചേർന്ന് പാടിയ പാട്ട് 1999 ലെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു. 26 വർഷങ്ങൾക്ക് ശേഷമാണ് സാഹസത്തിലൂടെ ഗാനം വീണ്ടും റീമിക്സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആൻ്റണി, നരെയ്ൻ, ഗൗരി കിഷൻ, റംസാൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രം കോമഡി എൻ്റർടെയ്ൻമെൻ്റ് ആയി അണിയിച്ചൊരുക്കിയിരിക്കുന്നത്.

സിനിമയിൽ പാട്ട് ഉപയോഗിച്ചിരിക്കുന്ന ഇടവും സന്ദർഭവും തിയേറ്ററുകളിൽ പൊട്ടിച്ചിരിയും കയ്യടികളും തീർക്കുന്നുവെന്ന്, പടം കണ്ടിറങ്ങിയ പ്രേക്ഷകർ വിലയിരുത്തുന്നു. ബിബിൻ അശോകാണ് പുതിയ വേർഷൻ്റെ മ്യൂസിക് ഡയറക്ടർ. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേർഷനിലും അഭിനയിച്ചിരിക്കുന്നു എന്ന കൗതുകവും സാഹസത്തിലുണ്ട്.

Oru Muthum Thedi SneakPeek | Sahasam | Ramzan | Gouri | Babu Antony | Narain | Aju Varghese