ദീപക് ദേവിന്‍റെ സംഗീതം

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. മാര്‍ച്ച് 27 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. എന്നാല്‍ ഹൈപ്പിന് ഒത്തുള്ള പ്രേക്ഷകപ്രീതി നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. അതേസമയം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി മാറുകയും ചെയ്തു എമ്പുരാന്‍. തിയറ്റര്‍ പ്രദര്‍ശനത്തിന് പിന്നാലെ ഒടിടിയിലേക്കും എത്തിയിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ്. ചിത്രത്തിന്‍റെ ക്ലൈമാക്സ് രം​ഗങ്ങളില്‍ കടന്നുവരുന്ന ഫിര്‍ സിന്ദാ എന്ന ​ഗാനമാണ് എത്തിയിരിക്കുന്നത്. തനിഷ്ക് നബറിന്‍റെ വരികള്‍ക്ക് സം​ഗീതം പകര്‍ന്നിരിക്കുന്നത് ദീപക് ദേവ് ആണ്. ആനന്ദ് ഭാസ്കര്‍ ആണ് ആലപിച്ചിരിക്കുന്നത്.

വലിയ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതായിരുന്നു എമ്പുരാന്‍ നേടിയ വന്‍ പ്രീ റിലീസ് ഹൈപ്പിന് പ്രധാന കാരണം. ബഹുഭാഷകളില്‍ വന്‍ പ്രീ റിലീസ് പ്രൊമോഷനോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഏപ്രില്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.