സാന്റി മാസ്റ്ററായിരുന്നു ഗാനത്തിന്റെ കൊറിയോഗ്രഫി.
ജൂലൈ 11ന് ഒരു സിനിമാ ഗാനം പുറത്തിറങ്ങി. രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൂലിയിലെ മോണിക്ക എന്ന ഗാനമായിരുന്നു അത്. റിലീസിന് മുൻപ് തന്നെ പ്രൊമോയിലൂടെ പ്രേക്ഷകർ കാത്തിരുന്ന ഗാനം മുഴവനായി എത്തിയപ്പോൾ സമ്മാനിച്ചത് വൻ ട്രീറ്റ് ആയിരുന്നു. പൂജ ഹെഗ്ഡെയുടെ പേരിലാണ് ഗാനം റിലീസ് ചെയ്തതെങ്കിലും മലയാളത്തിന്റെ സൗബിൻ ഷാഹിർ സോംഗ് സ്റ്റീലറായി മാറി. പൂജയേയും മാറ്റിനിർത്തുന്ന പ്രകടനമായിരുന്നു സൗബിന്റേത്.
അറബിക് കുത്ത്, കണിമ തുടങ്ങി സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ തിളങ്ങിയ ആളാണ് പൂജ ഹെഗ്ഡെ. അതിലെല്ലാം പൂജ ഹെഗ്ഡെയിൽ ആയിരുന്നു പ്രേക്ഷകരുടെ ശ്രദ്ധ മുഴുവൻ. എന്നാൽ മോണിക്ക വന്നതോടെ സൗബിൻ പൂജയെ സൈഡാക്കി. 5 കോടിയായിരുന്നു പൂജയുടെ പ്രതിഫലം. നിലവിൽ ഗാനം ട്രെന്റിങ്ങിൽ തന്നെ തുടരുന്നതിനിടെ സൗബിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് പൂജ ഹെഗ്ഡെ.
"ഏറെ വ്യത്യസ്തവും വേറിട്ട ശൈലിയുമുള്ള ഡാൻസ് രീതിയാണ് സൗബിന്റേത്. അങ്ങനെ ഒക്കെ ഡാൻസ് ചെയ്യാൻ അദ്ദേഹത്തിനെ സാധിക്കൂ. ആള് ഭയങ്കര സ്വീറ്റാണ്. ഒപ്പം വർക്ക് ചെയ്യാനായതിൽ ഒരുപാട് സന്തോഷം", എന്നായിരുന്നു പൂജ പറഞ്ഞത്. മോണിക്ക സോങ്ങിന്റെ ബിടിഎസ് വീഡിയോയിൽ ആയിരുന്നു താരസുന്ദരിയുടെ പ്രതികരണം. സാന്റി മാസ്റ്ററായിരുന്നു ഗാനത്തിന്റെ കൊറിയോഗ്രഫി. ബിഗ് സ്ക്രീനിൽ ഈ പാട്ട് ഗംഭീര മാസായിരിക്കുമെന്നാണ് സാന്റി പറയുന്നത്.

ലോകേഷ് കനകരാജ് സംവിധാനം സംവിധാനം ചെയ്യുന്ന കൂലി ഓഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും. നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എംജിആർ, മോനിഷ ബ്ലെസി, കാളി വെങ്കട്ട് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സൺപിക്ചേഴ്സ് ആണ് നിർമ്മാണം.



