സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രത്തിലെ 'പ്രാക്ക്' എന്ന രണ്ടാം ഗാനം പുറത്തിറങ്ങി
സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. പ്രാക്ക് എന്ന ടൈറ്റിലോടെ എത്തിയ ഗാനത്തിന് സംഗീതം പകർന്നത് മുജീബ് മജീദ് ആണ്. ഗാനം ആലപിച്ചത് ബിന്ദു പങ്കജ്, നീരജ് രമേശ് എന്നിവരും കോറസ് ഗായകരും ചേർന്നാണ്. വരികൾ രചിച്ചത് ശ്യാം മുരളീധരൻ, നിലീൻ സാന്ദ്ര. ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ആദ്യ ടീസർ, ആദ്യ ഗാനം എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. "കാതങ്ങൾ ദൂരെ" എന്ന വരികളോടെ ആരംഭിക്കുന്ന ആദ്യ ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. മെലഡിയായി ഒരുക്കിയ അതിൽ നിന്ന് ഏറെ വ്യത്യസ്തമായ രീതിയിലാണ് രണ്ടാം ഗാനമായ "പ്രാക്ക്" ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിൻ്റെ മൂഡ് പ്രേക്ഷകരിലെത്തിക്കുന്ന തരത്തിലാണ് രണ്ടാം ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് എന്ന ശക്തി കിട്ടുന്നത് ആണ് ചിത്രത്തിൻ്റെ കഥാതന്തു എന്നാണ് ടീസർ നൽകുന്ന സൂചന. അസാധാരണമായ കേൾവി ശക്തി ഒരു സാധാരണക്കാരന് ലഭിക്കുന്നതോടെ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നാണ് റിപ്പോർട്ട്. അത് കൊണ്ട് തന്നെ ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ഏറെ വ്യത്യസ്തമായ ലുക്കിലാണ് കേന്ദ്ര കഥാപാത്രങ്ങളായ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവർ ഈ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം, കഥാപാത്രങ്ങൾ എന്നിവയെ കുറിച്ച് പ്രേക്ഷകരിൽ വലിയ ആകാംഷയും കൗതുകവും ആണ് ടീസറും പോസ്റ്ററുകളും ഗാനങ്ങളും നൽകുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കൂടാതെ കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശബ്ദത്തിൻ്റെ ഗംഭീരമായ ഉപയോഗത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ചിത്രത്തിൻ്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
ഛായാഗ്രഹണം - അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് - ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ - ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ, പിആർഒ - ശബരി.

